 കൗതുകത്തിനൊപ്പം സഞ്ചാരികൾക്ക് യാത്രാ തടസ്സവും

പീരുമേട്: മഴയും ശക്തമായ മൂടൽമഞ്ഞും മൂലം കെ.എസ്,ആർ.ടി.സി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. കുമളിയിൽ നിന്നും കണ്ണൂർ - കൊന്നക്കാട് റൂട്ടിലോടുന്ന ബസ് കുട്ടിക്കാനത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്നും തെന്നി മാറിയായിരുന്നു അപകടം. കോടമഞ്ഞിൽ റോഡിന്റെ വശം കാണാൻ കഴിയാതെ ബസ്സ് തെന്നിമാറുകയായിരുന്നു. താഴ്ചയിലേക്ക് പോകാതിരുന്നതിനാൽ വൻ അപകടമാണൊഴിവായത്. ഇവിടെ അനുഭവപ്പെട്ട കോടമഞ്ഞും ചാറ്റൽ മഴയുമാണ് അപകട കാരണം. കഴിഞ്ഞ നാല് ദിവസമായി പീരുമേട് പ്രദേശത്ത് അനുഭവപ്പെട്ട മൂടൽമഞ്ഞും ചാറ്റൽ മഴയും മൂലം ഓണക്കാലത്ത് അവധി ആസ്വദിക്കാൻ എത്തിയ നിരവധി സഞ്ചാരികൾക്ക് കൗതുകത്തിനൊപ്പം യാത്രാ തടസ്സവും നേരിട്ടു. പാഞ്ചാലിമേട്, വളഞ്ഞാങ്ങാനം, കുട്ടിക്കാനം, പീരുമേട്, പരുന്തുംപാറ, ഏലപ്പാറ പ്രദേശങ്ങൾ കോടമഞ്ഞിൽ മൂടുകയായിരുന്നു. കൊട്ടാരക്കര - ഡിണ്ടുക്കൽ ദേശീയപാതയിൽ മുപ്പത്തി അഞ്ചാം മൈൽ മുതൽ തേക്കടി ചെളിമട കവലവരെയും, മലയോര ഹൈവേയിൽ കുട്ടിക്കാനം മുതൽ കരിന്തരുവി ചപ്പാത്ത് വരെയുള്ള പ്രദേശങ്ങളിലും ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. തോരാതെ പെയ്ത ചാറ്റമഴയും വാഹന യാത്രികർക്ക് വില്ലനായി. തൊട്ടടുത്ത് വാഹനങ്ങൾ എത്തിയാൽ പോലും കാണാൻ കഴിയാത്ത വിധം കോടമഞ്ഞ് നിറഞ്ഞു. വഴി പരിചയമില്ലാതെ എത്തുന്ന ഡ്രൈവർമാരാണ് ഏറെയും കുഴപ്പത്തിലായത്. റോഡിന്റെ വശങ്ങളറിയാതെയും, എതിരെ വരുന്ന വാഹനങ്ങൾ കാണാനാകാതെയും ഡ്രൈവർമാർ പലരും കുഴങ്ങി . കുട്ടിക്കാനം മുതൽ മുപ്പത്തി അഞ്ചാം മൈൽ വരെ ചെങ്കുത്തായ കയറ്റവും കുത്തനെയുള്ള ഇറക്കവും മൂലം എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാതെയും ഡ്രൈവർമാർ വളരെയേറെ പ്രതിസന്ധി നേരിട്ടു. ഉത്രാട ദിവസവും തിരുവോണ ദിനവും കോടമഞ്ഞ് ശക്തമായിരുന്നു. ഇതിന് പുറമെ അഴിച്ചു വിട്ടുവളർത്തുന്ന കന്നുകാലി കൂട്ടങ്ങളും വാഹനയാത്രയ്ക്കക്ക് പ്രതിസന്ധി സൃഷ്ടിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടേറെ അപകടങ്ങളാണ്‌ ദേശീയപാതയിൽ ഉണ്ടായത്. അഞ്ച് അപകടങ്ങൾ വരെ ഉണ്ടായ ദിവസങ്ങളുണ്ട്. പലഅപകടങ്ങളിലും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഓണാവധിയായതോടെ ടൂറിസ്റ്റുകളുടെ വരവും വർദ്ധിച്ചിട്ടുണ്ട്. അപകടങ്ങളിൽ നിന്ന് രക്ഷനേടാൻ ഡ്രൈവർമാർ ജാഗ്രതയോടെ വാഹനം ഓടിക്കുക എന്നതാണ് ഏക പരിഹാരം.