
അടിമാലി: കൊക്കോമരത്തിൽ നിന്നും വീണ വയോധികന് അഗ്നിശമന സേന രക്ഷകരായി. തട്ടേക്കണ്ണിയിലെ മലമുകളിൽ തനിയെ താമസിക്കുകയായിരുന്ന മരക്കാട്ടിൽ വീട്ടിൽ ഈപ്പൻ കുര്യൻ (74) കൊക്കോ പറിക്കുന്നതിനിടയിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റു കിടക്കുന്നതായി ഇയാളുടെ മകൾ എറണാകുളത്ത് നിന്നും സേനയെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് തിരുവോണ ദിനത്തിൽ വൈകുന്നേരം നാലരയോടുകൂടി സേന ഇടുക്കി - നേര്യമംഗലം റോഡിലൂടെ തട്ടേക്കണ്ണി എന്ന സ്ഥലത്ത് എത്തി. ഒന്നേകാൽ കിലോമീറ്റർ ദൂരം ദുർഘടവും ചെങ്കുത്തായതും മഴ മൂലം തെന്നി കിടക്കുന്നതുമായ പാറപ്പുറത്ത് കൂടി സഞ്ചരിച്ച് നാട്ടുകാരുടെ സഹായത്തോടെ രണ്ടരമണിക്കൂറോളം തെരച്ചിൽ നടത്തിയ ശേഷമാണ് വീണ് കിടന്ന സ്ഥലം കണ്ടെത്തിയത്. പരിക്കേറ്റ് അവശനായിരുന്ന ഈപ്പനെ നാട്ടുകാരുടെ കൂടെ സഹായത്തോടെ ചുമന്ന് റോഡിൽ എത്തിച്ച് ശേഷം അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയോധികന്റെ പരുക്ക് ഗുരുതരമല്ല. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അനീഷ് കെ.പി, ഓഫീസർമാരായ ഷാനവാസ് പി.എം ,ബിനീഷ് തോമസ് , ജിനോ രാജു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.