ഇടുക്കി:ശ്രീനാരായണ ഗുരുദേവന്റെ 171ാംമത് ജയന്തി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അറിയിച്ചു. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് ഇന്ന് രാവിലെ 9ന് യൂണിയൻ ഓഫീസ് അങ്കണത്തിൽ പ്രസിഡന്റ്. പി. രാജൻ പതാക ഉയർത്തും. ഗുരുദേവ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയും വഴിപാടുകളും നടത്തും. അംഗശാഖകളായ വാഴത്തോപ്പ്, മുരിക്കാശ്ശേരി, ഉപ്പതോട്, കിളിയാർകണ്ടം, ഇടുക്കി, പ്രകാശ്, ചുരുളി, കീരിത്തോട്, തോപ്രാംകുടി, കട്ടിംഗ്, കുളമാവ്, പെരിഞ്ചാംകുട്ടി, കള്ളിപ്പാറ, പൈനാവ്, കനകക്കുന്ന്, കരിക്കിൻമേട്, വിമലഗിരി, തങ്കമണി, മണിയറംകുടി എന്നിവിടങ്ങളിൽ വർണ്ണ ശബളമായ ഘോഷയാത്രകളും ജയന്തി സമ്മേളനങ്ങളും ജയന്തി സദ്യയും നടത്തും. വൈകന്നേരം 4 മണിക്ക് പ്രകാശിൽ നടക്കുന്ന ജയന്തി സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠത്തിലെ ഗുരുപ്രകാശം സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്വ. കെ. ബി. സെൽവം, അബ്ദുൾ ജബ്ബാർ മൗലവി, ഫാ മാത്യു ചെറുപറമ്പിൽ, ജയകുമാർ, സജീവ് കുമാർ മൈലാങ്കൽ, കെ.എസ് ജിസ്സ്, ഷാജി പുലിയാമറ്റം എന്നിവർ പ്രസംഗിക്കും.