
മൂന്നാർ: തെക്കൻ പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിൽ അപൂർവ ഇനം ഹിമയുഗ തുമ്പിയുടെ സാന്നിദ്ധ്യം ഗവേഷകർ സ്ഥിരീകരിച്ചു. ആഫ്രിക്ക, മെഡിറ്ററേനിയൻ മേഖല, ഏഷ്യയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സാധാരണയായി കാണുന്ന ക്രോക്കോത്തെമിസ് എറിത്രിയയെയാണ് (കാട്ടുചോലത്തുമ്പി) മൂന്നാറിൽ കണ്ടെത്തിയത്. പശ്ചിമഘട്ടത്തിൽ ഉയർന്ന പ്രദേശങ്ങളിൽ ഇവയുടെ സാന്നിദ്ധ്യം പരിമിതായി കണ്ടിട്ടുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ക്രോക്കോതമസ് സെർവില്ലിയ (വയൽത്തുമ്പി) ആണെന്നാണ് ഇതുവരെ ശാസ്ത്ര ലോകം ധരിച്ചിരുന്നത്. 2019 മുതൽ ശരീരനിറം, ചിറകിലെ ശിരാവിന്യാസം, ആവാസവ്യവസ്ഥയിലെ വ്യത്യാസങ്ങൾ തുടങ്ങിയ സൂക്ഷ്മ സവിശേഷതകളിലെ പഠനത്തോടെയാണ് ഉയർന്ന തണുപ്പുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ തുമ്പിയെ പശ്ചിമഘട്ടത്തിലും തിരിച്ചറിഞ്ഞത്. ഡോ. കലേഷ് സദാശിവൻ, കെ. ബൈജു (ടി.എൻ.എച്ച്.എസ് തിരുവനന്തപുരം), ഡോ. ജാഫർ പാലോട്ട് (സുവോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, കോഴിക്കോട്), ഡോ. എബ്രഹാം സാമുവൽ (ടി.ഐ.ഇ.എസ്, കോട്ടയം), വിനയൻ പി. നായർ (അൽഫോൻസാ കോളേജ്, പാലാ) എന്നിവരടങ്ങിയ പഠനസംഘമാണ് ഇവയെ കണ്ടെത്തിയത്.