merchants


തൊടുപുഴ: തൊടുപുഴ - പാലാ റോഡിനെയും, വെങ്ങല്ലൂർ - കോലാനി ബൈപ്പാസിനേയും ബന്ധിപ്പിക്കുന്ന റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കി തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ നേതൃത്വത്തിൽ പി.ജെ ജോസഫ് എം.എൽ.എക്ക് നിവേദനം നൽകി. ധാരാളം വ്യാപാര സ്ഥാപനങ്ങളും, ആശുപത്രി, സ്‌കൂൾ, കോൺവെന്റുകൾ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളിലേക്ക് പോകുവാനുമുള്ള വഴിയാണ് ഈ റോഡ്. ഇതിനാവശ്യമായ പണം അനുവദിച്ചിട്ടുള്ളതുമാണ്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ മൂലമാണ് റോഡ് ഇനിയും തുറന്നു കൊടുക്കാൻ സാധിക്കാത്തത്. റോഡിന്റെ പ്രവേശന കവാടത്തിൽ യാത്രക്കാർക്കും വാഹനങ്ങൾക്കും വെല്ലുവിളിയായി നിൽക്കുന്ന കെട്ടിടം അപകടാവസ്ഥയിലാണ്. ഈ വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ എം.എൽ.എയോട് ആവശ്യപ്പെട്ടു. അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ നവാസ്, ട്രഷറർ അനിൽ പീടികപറമ്പിൽ, ജില്ലാ സെക്രട്ടറി നാസർ സൈര, വൈസ് പ്രസിഡന്റ് മാരായ ഷെരീഫ് സർഗ്ഗം, കെ.പി ശിവദാസ്, ജോസ് തോമസ് കളരിക്കൽ, സെക്രട്ടറിമാരായ ഷിയാസ് എം.എച്ച്, ലിജോൺസ് ഹിന്ദുസ്ഥാൻ, ജഗൻ ജോർജ്, സന്തോഷ് കമൽസ്റ്റുഡിയോ, നസീർ വി.എസ് എന്നിവരും പങ്കെടുത്തു.