തൊടുപുഴ: നഗരസഭയുടെ മങ്ങാട്ട് കവലയിലെ എ.എം മുഹമ്മദ്കുഞ്ഞു ലബ്ബ സ്മാരക ഷോപ്പിംഗ് കോംപ്ലക്സ്‌ന്റെ പ്രവർത്തന ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. മൂന്ന് നിലകളിൽ ആയി നിർമിച്ച ഷോപ്പിംഗ് കോംപ്ലക്സിലെ മുറികൾ പൂർണമായും പ്രവർത്തനം ആരംഭിക്കുന്നതോടെ കിഴക്കൻ മേഖലയുടെ വികസനത്തിന് നാഴികകല്ലായി കോംപ്ലക്സ് മാറുമെന്ന് ഉദ്ഘാടന കർമ്മം നിർവഹിച്ച ഡീൻ കുര്യാക്കോസ് എം. പി അഭിപ്രായപെട്ടു.മുറികളുടെ താക്കോൽദാനം പി.ജെ ജോസഫ് എംഎൽഎ നടത്തി. ഷോപ്പിംഗ് കോംപ്ലക്സിലെ അവശേഷിക്കുന്ന മുറികളുടെ ലേലം നാളെ നഗരസഭ ഓഫീസിൽ നടക്കുമെന്ന് ചെയർമാൻ കെ. ദീപക് പറഞ്ഞു. ഷോപ്പിംഗ് കോംപ്ലക്സ്‌നോട് അനുബന്ധിച്ചു ബസ് സ്റ്റാൻഡ് കൂടി യാഥാർത്യമാക്കാനും നഗരത്തിലെ നാലുവരി പാതകളും ബൈപാസുകളും ശാസ്ത്രീയമായി ഉപയോഗിച്ചു നഗരത്തിന്റെ സമഗ്ര വികസനത്തിന് എല്ലാ വിധ പിന്തുണയും നഗരസഭക്ക് നൽകും എന്ന് പി ജെ ജോസഫ് എം എൽ എ യോഗത്തിൽ അറിയിച്ചു. വാർഡ് കൗൺസിലർ മുഹമ്മദ് അഫ്സൽ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ സനു കൃഷ്ണൻ, ഷീജ ഷാഹുൽഹമീദ്, എം.എ കരിം, പി.ജി രാജശേഖരൻ ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി ,സി.പി.എം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുഹമ്മദ് ഫൈസൽ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലിം, പ്രൊ. എം.ജെ ജേക്കബ്, ജിമ്മി മറ്റത്തിപ്പാറ, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ,
എ.ആർ രതീഷ് , മുൻ നഗരസഭ ചെയർമാൻമാരായ സനീഷ് ജോർജ് , സഫിയ ജബ്ബാർ ,തുടങ്ങിയവർ പ്രസംഗിച്ചു.
വിയോജിപ്പുമായി സി.പി.എം
നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനത്തിൽ താക്കോൻ കൈമാറിയതിൽ വിയോജിപ്പറിയിച്ച് സി.പി.എം നേതൃത്വം. മുൻ ചെയർപേഴ്സൺ സബീന ബിഞ്ചു താക്കോൽ കൈമാറി ഉദ്ഘാടനം നടത്തിയ ആൾക്കാണ് ഇന്നലെ നടന്ന ചടങ്ങിൽ വീണ്ടും താക്കോൽ കൈമാറിയതെന്ന് ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ് പറഞ്ഞു. അന്ന് പങ്കെടുത്ത കൗൺസിലർമാരടക്കം ഇന്നലെയുമുണ്ടായിരുന്നു. ഇത് അഞ്ചാം തവണയാണ് ഉദ്ഘാടന മാമാങ്കം നടക്കുന്നത്.പ്രാദേശികമായി നടത്തിയ ചടങ്ങ് യു.ഡി.എഫ് പ്രോഗ്രാമാക്കി മാറ്റിയതായി സംശയമുണ്ട്. മുസ്ലീം ലീഗ് എം.പി ഹാരീസ് ബീരാന് പരിപാടിയിൽ എന്താണ് റോളുള്ളതെന്നും ഏരിയ നേതൃത്വം ചോദിച്ചു.ഷോപ്പിംഗ് കോംപ്ലക്സ് തുറക്കുന്നതിന് സി.പി.എം എതിരല്ല. പാർട്ടി നിലപാട് ജില്ലാ കമ്മിറ്റിയംഗം തന്നെ ഉദ്ഘാടന യോഗത്തിൽ വിശദമാക്കിയിട്ടുള്ളതായും സെക്രട്ടറി ലിനു ജോസ് വ്യക്തമാക്കി.