 കൂടുതൽ സഞ്ചാരികളെത്തിയത് വാഗമണ്ണിൽ


തൊടുപുഴ: ഇത്തവണത്തെ ഓണം കൂടുതൽ കളറാക്കാൻ ജില്ലയിലെത്തിയത് 1.067 ലക്ഷം വിനോദ സഞ്ചാരികൾ. സെപ്തംബർ ഒന്ന് മുതൽ ഏഴ് വരെയുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി.ടി. പി.സി) കണക്ക് പ്രകാരമാണിത്. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് വാഗമണ്ണിലാണ്- അരലക്ഷത്തിലേറെപ്പേർ. വാഗമൺ മൊട്ടക്കുന്നിൽ 31737 പേരും അഡ്വഞ്ചർ പാർക്കിൽ 25580 പേരുമാണ് എത്തിയത്. മിക്കയിടത്തും സഞ്ചാരികൾ സജീവമായത് ഉത്രാടം മുതൽ ചതയം വരെയുള്ള ദിവസങ്ങളിലാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സഞ്ചാരികളുടെ വരവിൽ കാര്യമായ വർദ്ധനവുണ്ടായില്ല. തിരുവോണം, അവിട്ടം, ചതയം ഒഴികെയുള്ള ദിവസങ്ങളിൽ എത്തിയ സഞ്ചാരികളുടെ എണ്ണം തീരെ കുറവായിരുന്നു. കാലാവസ്ഥ മാറി മറിഞ്ഞാണ് നിന്നതെങ്കിലും ഓണത്തിനും സഞ്ചാരികൾക്ക് ഇടുക്കിയോടുള്ള താത്പര്യം കുറഞ്ഞില്ല. കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ മൂന്നാർ, മറയൂർ മേഖലയിൽ തമിഴ്നാട്ടിൽ നിന്ന് വൺഡേ ട്രിപ്പ് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഇത്തവണ കുറവുണ്ടായിട്ടുണ്ട്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നും പോണ്ടിച്ചേരിയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തുന്നത്. മറയൂരിലെയും കാന്തല്ലൂരിലെയും വെള്ളച്ചാട്ടങ്ങളും കൃഷിയിടങ്ങളുമാണ് സഞ്ചാരികളുടെ ഇഷ്ടയിടങ്ങൾ. ഇടുക്കി ഡാമിലേക്കുള്ള പ്രവേശനം ഓൺലൈൻ ബുക്കിംഗ് വഴിയായതിനാൽ നേരിട്ടെത്തിയ പലരും ഡാം സന്ദർശിക്കാതെ മടങ്ങിയിട്ടുണ്ട്. എങ്കിലും ഇവർക്ക് ഹിൽവ്യൂ പാർക്കിലെ പ്രവേശനം ആശ്വാസമായി.

(സഞ്ചാര കേന്ദ്രങ്ങൾ, ഒരാഴ്ചയെത്തിയ​ സഞ്ചാരികൾ)​

 മാട്ടുപ്പെട്ടി - 2733

 രാമക്കൽമേട് - 9465

 അരുവിക്കുഴി - 1451

 എസ്.എൻ പുരം - 5169

 വാഗമൺ മൊട്ടക്കുന്ന് - 31737

 വാഗമൺ അഡ്വഞ്ചർ പാർക്ക് - 25580

 പാഞ്ചാലിമേട് - 10616

 ഹിൽവ്യൂ പാർക്ക് - 7298

 മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ - 9298

 ആമപ്പാറ - 3410

ഗതാഗതക്കുരുക്കും

ഓണാവധി ആഘോഷിക്കാൻ പ്രധാന അവധി ദിനങ്ങളിൽ സഞ്ചാരികൾ കൂട്ടത്തോടെ എത്തിയതോടെ വാഗമൺ,​ മൂന്നാർ ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിലുണ്ടായ ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തിയ സഞ്ചാരികൾക്ക് ഇതുമൂലം മുഴുവൻ ടൂറിസം പോയിന്റുകളിലും എത്തി കാഴ്ചകൾ കാണാൻ കഴിഞ്ഞില്ലെന്നും പരാതിയുണ്ട്. ഒരു ദിവസത്തെ സന്ദർശനത്തിന് എത്തിയവരാണ് കൂടുതൽ വലഞ്ഞത്.