
തൊടുപുഴ: കേന്ദ്രസർക്കാർ വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളുടെ പ്രയോജനം ജനങ്ങളിൽ എത്തിക്കുവാൻ യുവാക്കൾ മുൻകൈ എടുക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. മേരാ യുവ ഭാരത് ഇടുക്കിയും ജില്ലാ യൂത്ത് ക്ലബ്ബും കോലാനി മന്നം സ്മാരക എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യുവജനശില്പശാല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു എം.പി. കോലാനി ജനരഞ്ജിനി വായനശാലയുടെയും എൻ.എസ്.എസ് കരയോഗത്തിന്റെയും സഹകരണത്തോടെ നടത്തിയ ശില്പശാലയിൽ വാർഡ് കൗൺസിലർ കവിതാ വേണു അദ്ധ്യക്ഷത വഹിച്ചു. മേരാ യുവഭാരത് ഇടുക്കി ഡെപ്യൂട്ടി ഡയറക്ടർ കെ. സച്ചിൻ ആമുഖപ്രസംഗം നടത്തി. പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് ഡവലപ്‌മെന്റ് ഓഫീസർ അഭിജിത്ത് ബി., സെന്റർ ഫോർ ഫൈനാൻഷ്യൽ ലിറ്ററസി (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) കോ-ഓർഡിനേറ്റർ സീന വിജയൻ, സംസ്ഥാന ഹെൽത്ത് ഏജൻസി കോ-ഓർഡിനേറ്റർ രോഹിത് മാത്യു, ജില്ലാ വ്യവസായകേന്ദ്രം അസിസ്റ്റന്റ് ഇൻഡസ്ട്രീസ് ഓഫീസർ അശ്വിൻ എന്നിവർ സർക്കാരിന്റെ വിവിധ പദ്ധതികൾ വിശദീകരിച്ചു സംസാരിച്ചു. ജില്ലാ യൂത്ത് ക്ലബ്ബ് ട്രഷറർ എ.പി. മുഹമ്മദ് ബഷീർ, കരയോഗം സെക്രട്ടറി എൻ.കെ. രാധാകൃഷ്ണൻ, ലൈബ്രറി വൈസ് പ്രസിഡന്റ് ജലജ ശശി, യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. ജി. പ്രേംലാൽ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എൻ. രവീന്ദ്രൻ സ്വാഗതവും ലൈബ്രറി സെക്രട്ടറി കെ.ബി. സുരേന്ദ്രനാഥ് നന്ദിയും പറഞ്ഞു.