
വണ്ടിയിടിച്ച് വഴിയിൽ കിടന്ന പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി: ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ
കട്ടപ്പന: വാഹനം തട്ടി ഗുരുതരാവസ്ഥയിൽ റോഡിൽകിടന്ന പൂച്ചയെ രക്ഷിക്കാൻ യുവാവ് നടത്തിയ ശ്രമം വിഫലമായി. കട്ടപ്പന ഗവ. മൃഗാശുപത്രിയിൽ ഡോക്ടർമാർ ഇല്ലാത്തതിനാൽ യഥാസമയം ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞില്ല. തിങ്കളാഴ്ച രാവിലെയാണ് കട്ടപ്പന സ്വദേശി റോഡിൽ പൂച്ചയെ ഗുരുതരാവസ്ഥയിൽ കണ്ടത്. ഉടൻ സിപിആർ നൽകിയശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും ഇവിടെ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. വൈകാതെ പൂച്ച ചത്തു. കട്ടപ്പന മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലായിട്ട് 6 മാസമായി. നിലവിൽ ഒരു അറ്റൻഡർ മാത്രമാണുള്ളത്. മുമ്പ് 3 ഡോക്ടർമാർ ഇവിടെ ജോലി ചെയ്തിരുന്നു. സീനിയർ ഡോക്ടർ സേവനത്തിൽനിന്ന് വിരമിച്ചു. ഒരാൾ സ്ഥലം മാറിപ്പോകുകയും മറ്റൊരാൾ പ്രസവാവധിയിലുമാണ്. സമീപ പ്രദേശങ്ങളിലെ ഡോക്ടർമാർക്കാണ് ഈ ആശുപത്രിയുടെ ചുമതല. എന്നാൽ, പല ദിവസങ്ങളിലും ഇവർ എത്താറില്ല. വളർത്തുമൃഗങ്ങളെ പരിചരിച്ച് ഉപജീവനം നടത്തുന്നവർക്ക് ആശുപത്രിയുടെ സേവനം ലഭിക്കുന്നില്ല. മെച്ചപ്പെട്ടരീതിയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രിയുടെ പ്രവർത്തനം അധികൃതരുടെ അനാസ്ഥയിൽ താളംതെറ്റിയിരിക്കുന്നത്. ഒഴിവുകൾ നികത്താത്തത് ജനരോഷത്തിനുകാരണമാകുന്നു.