കട്ടപ്പന: ഇടുക്കി ജില്ലയിലെ മലയോര കർഷകരെയും സംരംഭകരെയും രണ്ടാംതരം പൗരൻമാരാക്കിക്കൊണ്ട് അടിച്ചേൽപ്പിക്കുന്ന വികലമായ നിയമങ്ങളും ചട്ടങ്ങളും ഉപാധികളില്ലാതെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന ബിൽഡിങ് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് വെള്ളയാംകുടി കല്ലറയ്ക്കൽ ഓഡിറ്റോറിയത്തിൽ കൺവെൻഷൻ നടത്തും. കട്ടപ്പന മുൻസിപ്പാലിറ്റിയിലെ എല്ലാ കെട്ടിട ഉടമകളും വസ്തു ഉടമകളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് കൺവെൻഷൻ. അസോസിയേഷൻ പ്രസിഡന്റ് സിബി കൊല്ലംകുടി അധ്യക്ഷത വഹിക്കും. അതിജീവന പോരാട്ടവേദി ജില്ലാ ചെയർമാൻ റസാഖ് ചൂരവേലി ഉദ്ഘാടനം ചെയ്യും. നിയമ വിദഗ്ദരായ അഡ്വ. ജോണി കെ. ജോർജ്, അഡ്വ. ഷാജി കുര്യൻ കുടവനപ്പാട്ട്, അഡ്വ. ജോമോൻ കെ. ചാക്കോ, കെ.എസ്. ഫ്രാൻസിസ് എന്നിവർ പ്രസംഗിക്കും.കട്ടപ്പന നഗരത്തിലെ താരിഫ് വില സെന്റിന് രണ്ട് ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ്. താരിഫ് വില അടിസ്ഥാനമാക്കിയുള്ള പിഴ ചുങ്കം ചെറിയ കെട്ടിടങ്ങൾക്ക് പോലും ലക്ഷങ്ങളുടെ ബാദ്ധ്യത വരുത്തി വയ്ക്കുമെന്നും കട്ടപ്പന ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിബി കൊല്ലംകുടി, ട്രഷറർ സേവ്യർ ജോസഫ്, കെ.പി. ഹസൻ എന്നിവർ പറഞ്ഞു.