കട്ടപ്പന: ജനങ്ങളുടെ മൗലീകാവകാശങ്ങൾ നിഷേധിക്കുന്ന ഭൂനിയമ ഭേതഗതി ചട്ടങ്ങൾക്കെതിരെ സമര പ്രഖ്യാപന കൺവൻഷൻ നടത്തുമെന്ന് കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ. 11ന് വൈകിട്ട് നാലിന് കട്ടപ്പന ഹിൽടൗൺ ഓഡിറ്റോറിയത്തിൽ സംഘടനാ നേതാക്കളും നിയമ വിദഗ്ധരും പങ്കെടുക്കുന്ന വിശദീകരണ യോഗത്തിൽ കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് കെ.ആർ. വിനോദ്, വൈസ് പ്രസിഡന്റ് പി.എം. ബേബി, ഡയസ് ജോസ്, അഡ്വ. ജോമോൻ കെ. ചാക്കോ തുടങ്ങിയവർ പ്രസംഗിക്കും.
സംസ്ഥാന മന്ത്രിസഭായോഗം അംഗീകരിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ച ജനവിരുദ്ധ മായതും വൻ അഴിമതിക്കും സ്വജന പക്ഷപാതത്തിനും കളമൊരുക്കുന്ന, രജിസ്‌ട്രേഷൻ ആക്ടും സ്റ്റാമ്പ് ആക്ടും ഭരണ ഘടനയും ചോദ്യം ചെയ്യപ്പെടുന്ന ഭൂപതിവ് ചട്ടങ്ങൾ പുനപരിശോധിക്കുക, പുതിയ നിർമിതികൾ അനുവദിക്കുന്നതിനാവശ്യമായ ചട്ടങ്ങൾ രൂപീകരിച്ച് നിർമാണ നിരോധനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.