moon
ബ്ലഡ് മൂൺ. കട്ടപ്പനയിൽ നിന്നും സൂമിങ് ശേഷി കൂടുതലുള്ള മൊബൈൽ ഫോണിൽ പകർത്തിയ ചിത്രം.

ഹൈറേഞ്ചിൽ മാനത്തെ അത്ഭുതം ;ആദ്യമായി ആസ്വദിച്ചത് നിരവധി ആളുകൾ.

കട്ടപ്പന :മാനത്ത് ചന്ദ്രിക ഒരുക്കിയ ചുവന്ന അത്ഭുതം ഇടുക്കിയിൽ തെളിഞ്ഞ ആകാശത്തിൽ കാഴ്ചാവിരുന്നായി. വാനനിരീക്ഷകർ ഉൾപ്പെടെ നിരവധി പേർ തുറന്ന പ്രദേശങ്ങളിലടക്കം ബ്ലഡ് മൂൺ എന്ന ആകാശ വിസ്മയം വീക്ഷിച്ചു. രാത്രി ഒമ്പതോടെയാണ് പൂർണചന്ദ്രഗ്രഹണം ആരംഭിച്ചത്. 11.45 ഓടെ ഗ്രഹണം പൂർണതയിലെത്തി. മുൻകാലങ്ങളിൽ മൂടൽമഞ്ഞ് മൂടുന്നതോടെ ഇത്തരം കാഴ്ചകൾ ഹൈറേഞ്ചിലെ ജനങ്ങൾക്ക് കാണാൻ സാധിക്കുമായിരുന്നില്ല. ഇക്കുറി കാലാവസ്ഥ അനുകൂലമായിരുന്നു. ഹൈറേഞ്ചിലെ എല്ലാ പ്രദേശങ്ങളിലും ബ്ലഡ് മൂൺ ദൃശ്യമായിരുന്നു. ഗ്രഹണത്തിന്റെ തുടക്കത്തിൽ മൂടൽമഞ്ഞ് തടസമുണ്ടാക്കിയെങ്കിലും ഒരുമണിക്കൂറിനുശേഷം മാനം തെളിഞ്ഞു. ഇതിനിടയിൽ ചിലർ കല്യാണത്തണ്ട് അടക്കമുള്ള മലനിരകളിൽ തമ്പടിച്ചിരുന്നുവെങ്കിലും മലമുകളിൽ ഉണ്ടായ ശക്തമായ മൂടൽമഞ്ഞ് കാഴ്ച മറച്ചു. എന്നാൽ മറ്റ് മേഖലകളിലെല്ലാം ബ്ലഡ് മൂൺ വ്യക്തമായിരുന്നു എന്നാണ് വിവരം.

പൂർണ ചന്ദ്രഗ്രഹണസമയത്ത് ഇരുണ്ട ചുവപ്പ് നിറത്തിൽ കാണുന്ന ചന്ദ്രബിംബമാണ് രക്തചന്ദ്രൻ. ഭൂമി സൂര്യനും ചന്ദ്രനും ഇടയിലൂടെ നീങ്ങുമ്പോൾ ചന്ദ്രോപരിതലത്തിൽ നിഴൽ വീഴുമ്പോഴാണ് ചന്ദ്രഗ്രഹണമുണ്ടാകുന്നത്. ഈസമയം സൂര്യപ്രകാശം ചന്ദ്രനിലേക്ക് നേരിട്ടെത്താതെ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നു. റെയ്ലി സ്‌കാറ്ററിങ് എന്ന പ്രതിഭാസമാണ് ഇതിനുകാരണം. സൂര്യപ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ അതിലെ തരംഗദൈർഘ്യം കുറഞ്ഞ നീലയും വയലറ്റും പോലുള്ള നിറങ്ങൾ അന്തരീക്ഷത്തിലെ തന്മാത്രകളെ തട്ടി ചിതറിപ്പോകുന്നു. എന്നാൽ തരംഗദൈർഘ്യം കൂടുതലുള്ള ചുവപ്പ് ഓറഞ്ച് എന്നിവ അധികം ചിതറി പോകാതെ നേരെ മുന്നോട്ട് സഞ്ചരിക്കും. ചുവപ്പ് നിറത്തിലുള്ള പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ വളഞ്ഞ് ചന്ദ്രനിൽ പതിക്കുന്നു. അങ്ങനെയാണ് ചന്ദ്രൻ മങ്ങിയ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നത്.

പല നഗരങ്ങളുടെയും വിവിധ മേഖലകളിൽ ആളുകൾ രക്തചന്ദ്രനെ കാണാൻ തമ്പടിച്ചിരുന്നു. റോഡുകളിലും മൈതാനങ്ങളിലും വീടിന്റെ ടെറസിലുമെല്ലാം മാനത്തെ നിരീക്ഷിക്കുന്ന ആളുകളുടെ കാഴ്ചയായിരുന്നു ഹൈറേഞ്ചിൽ മിക്കിടങ്ങളിലും കാണാനായിരുന്നത്. എന്തിരുന്നാലും പ്രതീക്ഷയും കൗതുകവും കൈവിടാതെ രക്തചന്ദ്രൻ മാനത്ത് തെളിഞ്ഞു നിന്നു .