
പീരുമേട്: സംസ്ഥാനത്തെ വിദ്യാഭ്യാസ വിചക്ഷണരുടെ കൂട്ടായ്മയായ സ്‌കൂൾ അക്കാദമി സംസ്ഥാനത്തെ മികച്ച സ്‌കൂളിന് നൽകുന്ന ബെസ്റ്റ് സ്‌കൂൾ അവാർഡ് കരടിക്കുഴി പഞ്ചായത്ത് എൽ പി സ്‌കൂളിന് ലഭിച്ചു. ഐ.എസ്.ഒ അംഗീകാരമുള്ള സ്‌കൂൾ അക്കാദമി സംസ്ഥാനത്തെ മികച്ച സ്‌കൂളുകൾക്ക് നൽകുന്ന പുരസ്‌കാരമാണ് ബെസ്റ്റ് സ്‌കൂൾ അവാർഡ്. പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ കരടിക്കുഴി സ്‌കൂൾ നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് , ബെസ്റ്റ് സ്‌കൂൾ അവാർഡ്. രക്ഷിതാക്കൾ നഷ്ടമായ വിദ്യാർത്ഥികൾക്ക് മാസംതോറും സാമ്പത്തിക സഹായം നൽകുന്ന ' സ്വാന്തനം പദ്ധതി, ചികിത്സ സഹായ പദ്ധതിയായ സ്‌നേഹനിധി പദ്ധതി, വിഭവ സമൃദ്ധമായ ഉച്ചഭക്ഷണ നൽകുന്ന രുചിക്കൂട്ട് പദ്ധതി , വായനയെ പരിപോഷിപ്പിക്കാൻ സമൂഹ ലൈബ്രറി പദ്ധതി , പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ' പ്ലാസ്റ്റിക്ക് മുക്ത പദ്ധതി, ആശുപത്രികളിൽ പൊതിച്ചോറ് വിതരണം ചെയ്യുന്ന സ്‌നേഹപ്പൊതി പദ്ധതി, ഇംഗ്ലീഷ് പരിശീലനത്തിനായി ' സ്മാർട്ട് ഇംഗ്ലീഷ് പദ്ധതി, കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കഴിവുകളെ പരിപോഷിപ്പിക്കാൻ ' ടാലന്റ് ഹണ്ട് പദ്ധതി' തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കരടിക്കുഴി സ്‌കൂൾ നടപ്പിലാക്കി വരുന്നു.