1000ത്തോളം വോട്ടുകൾ ചേർത്തതായി പാർട്ടി
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ അന്തിമ വോട്ടർ പട്ടികയിൽ യു.ഡി.എഫും പഞ്ചായത്ത് സെക്രട്ടറിയും അനധികൃതമായി വോട്ട് ചേർത്തെന്ന ആരോപണവുമായി സി.പി.എം കരിമണ്ണൂർ ഏരിയ കമ്മിറ്റി. ഇതിനെതിരെ നാളെ രാവിലെ 10ന് ബഹുജന മാർച്ചും ധർണയും നടത്തുമെന്ന് ഏരിയ സെക്രട്ടറി പി.പി സുമേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും ചില ജീവനക്കാരും ചേർന്നുള്ള നിലപാടിൽ പ്രതിഷേധിച്ചാണ് നാളത്തെ സമരം. വാർഡിന് പുറത്തുള്ളവരെയും പഞ്ചായത്തിന് പുറത്തുള്ളവരെയും അനധികൃതമായി വോട്ടർ പട്ടികയിൽ ചേർത്തിരിക്കുകയാണ്. പഞ്ചായത്തിലെ മിക്ക വാർഡുകളിലും അവസ്ഥസമാനമാണ്. എങ്കിലും 9,15,16,17 വാർഡുകളിൽ വ്യാപകമായി വോട്ട് ചേർത്തിട്ടുണ്ട്. വ്യാജ വാടക ചീട്ട് ഉണ്ടാക്കിയും എസ്.ബി.ഐയുടെ കെട്ടിട നമ്പർ ഉപയോഗിച്ചുമാണ് വോട്ട് ചേർത്തിരിക്കുന്നത്. മുമ്പ് വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയവരെയും ഇത്തരത്തിൽ വീണ്ടും ചേർത്തിട്ടുണ്ട്. 1000ത്തോളം വോട്ടുകൾ ചേർത്തതായി പാർട്ടി കണ്ടെത്തിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ,വരണാധികാരിയായ ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. നാളെ നടക്കുന്ന പ്രതിഷേധ ധർണ്ണ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്യും. ഏരിയ കമ്മിറ്റി നേതാക്കൾ സമരത്തിൽ പങ്കെടുക്കുമെന്നും പി.പി സുമേഷ് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സി.പി.എം പഞ്ചായത്ത് സെക്രട്ടറി കെ.ജി വിനോദ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഷിജോ സെബാസ്റ്റ്യൻ, ജഗദമ്മ വിജയൻ, ലോക്കൽ സെക്രട്ടറിമാരായാ ജോഷി തോമസ്, ജോമോൻ വി.ജെ. അമ്പിളി രവികല എന്നിവർ പങ്കെടുത്തു.