തൊടുപുഴ: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് തൊടുപുഴ നഗരം ഒന്നര മണിക്കൂറിലേറെ യുദ്ധക്കളമായി. പൊലീസ് സ്റ്റേഷന് മുമ്പിൽ സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടയിലെ തർക്കം കൈയേങ്കളിയിലേക്ക് മാറിയതോടെ പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശുകയായിരുന്നു. സംഭവത്തിൽ അഞ്ച് പ്രവർത്തകർക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് എൻ. അഖിൽ, ജില്ലാ വൈസ് പ്രസിഡന്റ് ശാരി ബിനു, ജനറൽ സെക്രട്ടറിമാരായ മഹേഷ് മോഹൻ, മനോജ് സാജൻ, പ്രവർത്തകനായ ബാദുഷ പൂപ്പാറ എന്നിവർക്കാണ് പരിക്കേറ്റത്. അഖിലിന്റെ തലയ്ക്ക് രണ്ട് വശങ്ങളിലും തുന്നലുണ്ട്. ഇടത് കൈയ്ക്കും പൊട്ടലേറ്റു. ബാദുഷയുടെ നട്ടെല്ലിനും കൈയ്ക്കും അടിയേറ്റു. മഹേഷ് മോഹന്റെ തലയ്ക്കാണ് പരിക്ക്. മറ്റുള്ള രണ്ട് പേരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിയേറ്റിട്ടുണ്ടെങ്കിലും സാരമായ പരിക്കില്ല. പരിക്കേറ്റവർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തൊടുപുഴ സി.ഐ എസ്. മഹേഷ് കുമാർ, പ്രിൻസിപ്പൽ എസ്.ഐ അജീഷ് കെ. ജോൺ എന്നിവർ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്കും പരിക്കുണ്ട്‌. സംഭവത്തിൽ 40 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് ഒന്നര മണിക്കൂറോളം ഇത് വഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഇതിനിടയിൽ പല തവണ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും നടന്നു. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ് സുജിത്തിനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് തൊടുപുഴയിൽ പ്രതിഷേധം മാർച്ച് നടത്തിയത്. ഉച്ചയ്ക്ക് 12.30ന് രാജീവ്ഭവനിൽ നിന്നായിരുന്നു നൂറോളം പേരടങ്ങുന്ന പ്രവർത്തകരുടെ മാർച്ച്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ യോഗം ദേശീയ ജനറൽ സെക്രട്ടറി ജിൻഷാദ് ജിന്നാസ് ഉദ്ഘാടനം ചെയ്തു. കാക്കിയിട്ട് പൊലീസ്, നീതി നടപ്പാക്കാതെ പിണറായിസം നടപ്പാക്കാൻ ശ്രമിച്ചാൽ യൂത്ത് കോൺഗ്രസ് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് നേതാക്കളായ മാത്യു കെ. ജോൺ, അരുൺ ചെറിയാൻ പൂച്ചക്കുഴി, ഷാനു ഷാഹുൽ, ബിലാൽ സമദ്, സി.എം. മുനീർ, ജാഫർഖാൻ മുഹമ്മദ്, നാസർ പാലമൂടൻ എന്നിവർ നേതൃത്വം നൽകി.

പരിക്കേറ്റയാളെ

ആശുപത്രിയിലെത്തിക്കാനും

പ്രതിഷേധം

ലാത്തിച്ചാർജിൽ തലയ്ക്ക് മുറിവേറ്റ് രക്തം വാർന്ന് പ്രവർത്തകനെ ആശുപത്രിയിലെത്തിക്കാൻ വൈകിയതിലും പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് തലയടിച്ച് പൊട്ടിച്ച പ്രവർത്തകനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അവശ്യപ്പെട്ടു. എന്നാൽ പൊലീസുകാർ തയ്യാറായില്ല. ഇതോടെ പ്രവർത്തകനെ വാഹനത്തിനകത്ത് കയറ്റിയ ശേഷം ഡിവൈ.എസ്.പി പി.കെ. സാബുവിന്റെ മുമ്പിലും ഈ ആവശ്യം ആവർത്തിച്ചു. തുടർന്ന് ഡിവൈ.എസ്.പി നിർദ്ദേശിച്ചതിനെ തുടർന്ന് മറ്റൊരു പൊലീസ് ജീപ്പിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഒന്നര മണിക്കൂ‌‌ർ

സംഘർഷഭരിതം

ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച സമരം രണ്ട് മണിയോടെയാണ് അവസാനിച്ചത്. സമരത്തിന്റെ തുടക്കം തന്നെ ലാത്തി ചാർജ് നടത്തിയെങ്കിലും പ്രവർത്തകർ പിരിഞ്ഞ് പോയില്ല. പൊലീസ് തല്ലിയതിൽ പ്രതിഷേധിച്ച് റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. പരിക്കേറ്റവരും സമരം തുടർന്നതോടെ വീണ്ടും സംഘർഷാവസ്ഥയായി. കോൺഗ്രസ് നേതാക്കളും സജീവമായി ഇടപെട്ടതോടെ സമരത്തിനിടയിൽ പല തവണ പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തർക്കമുണ്ടായി. സമരക്കാരെ നേരിടാൻ സമീപ സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസ് എത്തിയത് വലിയൊരു സംഘർഷാവസ്ഥയുടെ പ്രതീതി സൃഷ്ടിച്ചു. പൊലീസ് സ്റ്റേഷന് മുമ്പിലെ റോഡിലൂടെയുള്ള വാഹന ഗതാഗതവും പൂർണമായി തടഞ്ഞിരുന്നു. വാഹനങ്ങൾ കാഞ്ഞിരമറ്റം- മൂപ്പിൽ കടവ് പാലം റോഡ് വഴി തിരിച്ച് വിട്ടതോടെ നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. പിന്നീട് സമരക്കാർ പിരിഞ്ഞ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

സംഭവം ഇങ്ങനെ

ഉച്ചയ്ക്ക് 12.30- രാജീവ് ഭവനിൽ നിന്ന് പ്രതിഷേധ മാർച്ച് ആരംഭിച്ചു
12.45- പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷന് മുന്നിലെത്തി

12.50- ബാരിക്കേഡ് മറികടക്കാൻ ശ്രമം

12.55- പൊലീസും പ്രവർത്തകരും തമ്മിൽ തർക്കം രൂക്ഷമാകുന്നു

1.00- ലാത്തി ചാർജ് നടത്തുന്നു. പ്രവർത്തകർക്ക് പരിക്ക്

1.10- പൊലീസിനെതിരെ മുദ്രാവാക്യവുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം

1.15- ദേശീയ ജനറൽ സെക്രട്ടറി ജിൻഷാദ് ജിന്നാസ് സമരം ഉദ്ഘാടനം ചെയ്തു

1.25- റോഡിൽ കുത്തിയിരിപ്പ് സമരം തുടരുന്നു

1.30- പരിക്കേറ്റവരെ പൊലീസ് ജീപ്പിൽ ആശുപത്രിയിലെത്തിക്കുന്നു

1.50- സമരക്കാർ പിരിഞ്ഞു പോകുന്നു