=നിർമ്മാണ പ്രവർത്തനങ്ങളുടെ സ്ഥിതി വിലയിരുത്താൻ ജില്ലാ കളക്ടർ ഇന്ന് മെഡിക്കൽ കേളേജ് സന്ദർശിക്കും
ഇടുക്കി മെഡിക്കൽ കോളജിലെ പുതിയ ബ്ലോക്കിന്റെ നിർമ്മാണപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. സിവിൽ, ഇലക്ട്രിക്കൽ ജോലികൾ അടിയന്തിരമായി പൂർത്തീകരിച്ച് അടുത്ത വർഷം ജനുവരി ആദ്യ വാരത്തോടെ പുതിയ ബേ്‌ളാക്ക് തുറന്നു കൊടുക്കണമെന്ന് നിർമ്മാണ ഏജൻസിയായ കിറ്റ്‌കേയോട് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചു. ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന ഇടുക്കി മെഡിക്കൽ കേളേജ് ആശുപത്രി വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി, വെള്ളം എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം. ജീവനക്കാരുടെ ക്വാർട്ടേഴ്‌സിന്റെ ജോലികൾ പൂർത്തിയാകാനുണ്ട്. ഹോസ്റ്റലിന്റെയും ക്വാർട്ടേഴ്‌സിന്റെയും അവശേഷിക്കുന്ന നിർമാണപ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടും കർശന നിർദേശം നൽകി. .
മെഡിക്കൽ കേളേജ് പ്രിൻസിപ്പൽ ഡോ. ടോമി മാപ്പലകയിൽ, സ്വാഗതം പറഞ്ഞു. എം. എൽ. എ മാരായ എം. എം മണി, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ, ആസുത്രണ സമിതി ഉപാദ്ധ്യക്ഷൻ സി വി വർഗീസ്, വികസന സമിതി അംഗങ്ങൾ, കിറ്റ്‌കോ, കെഎസ്ഇബി, വാട്ടർ അതോറിറ്റി പ്രതിനിധികൾ, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മെഡിക്കൽ കേളേജ് ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ് നന്ദി പറഞ്ഞു.
പരിശോധന നിരക്ക്
ഏകീകരിക്കും
മെഡിക്കൽ കേളേജ് ആശുപത്രിയിലെ വിവിധ പരിശോധനകളുടെ നിരക്ക് ഏകീകരിക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കേളേജുകളുമായി താരതമ്യ പഠനം നടത്തിയ ശേഷമായിരിക്കും നിരക്ക് ഏകീകരണം. ഫാർമസിസ്റ്റ്, നേഴ്‌സിംഗ് അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങിയ വിവിധ ജീവനക്കാർക്ക് വേതന വർധനവ് നടപ്പിലാക്കാനും യോഗത്തിൽ തീരുമാനമായി.
ജോൺ ബ്രിട്ടാസ് എം.പി യുടെ
സഹായം ലഭിച്ചു
ആശുപത്രിയുടെ തീയേറ്റർ കോംപ്ലക്‌സിനായി ജോൺ ബ്രിട്ടാസ് എം.പിയുടെ ഫണ്ടിൽ നിന്നും 1.6 കോടി രൂപ ലഭ്യമാക്കിയിരുന്നു. ഇതിന് പുറമെ ഡയാലിസിസ് യൂണിറ്റ് ബ്‌ളോക്കിൽ എസൈലേഷൻ റൂം, കോൺഫറൻസ് ഹാൾ, വിവിധ ഡിപ്പാർട്ടുമെന്റുകൾ, ഫാർമസി എന്നിവ സ്ഥാപിക്കുന്നതിനായി ജോൺ ബ്രിട്ടാസ് എം.പി 1.25 കോടി രൂപയും അനുവദിച്ചു.