ഇടുക്കി: തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജില്ലയിലെ ആരോഗ്യ സംവിധാനത്തെ താറടിക്കാനും ആരോഗ്യ പ്രവർത്തകരെ മോശക്കാരാക്കി ചിത്രീകരിച്ചു കൈയടി നേടാനുമുള്ള ശ്രമങ്ങൾ രാഷ്ട്രീയ ഭേദമെന്യേ ചില വ്യക്തികൾ നടത്തുന്നതിൽ കെ.ജി.എം.ഒ.എ ജില്ലാ നേതൃത്വം ശക്തമായി പ്രതിഷേധിച്ചു. ഇടുക്കിയിലെ ഒരു സി.എച്ച്.സിയിലും ചികിത്സയും പ്രതരോധ പ്രവർത്തനങ്ങളും സമന്വയിപ്പിച്ച് കൊണ്ട് പോകാൻ ആവശ്യമായ 2021 ലെ സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം ഡോക്ടർമാരോ ജീവനക്കാരോ നിലവിലില്ല. ജില്ലയിലെ ഗ്രാമീണ മേഖലയിൽ ആരോഗ്യ സംവിധാനം പ്രവർത്തിക്കുന്നത് കാലാഹരണപ്പെട്ട ഈ സ്റ്റാഫ് പാറ്റേൺ കൊണ്ടും താത്കാലികമായി നിയമിക്കുന്ന ജീവനക്കാരെ കൊണ്ടുമാണ്. രണ്ട് വർഷത്തിലധികമായി ഡോക്ടർമാരുടെ അമ്പതോളം തസ്തികകൾ ജില്ലയിൽ ഒഴിഞ്ഞു കിടക്കുന്നു. കഞ്ഞിക്കുഴി ഉൾപ്പെടെയുള്ള സി.എച്ച്.സികളിൽ 2021ലെ ഓർഡറിൽ പറയുന്ന പോലെ ഒരു സിവിൽ സർജൻ, നാല് അസിസ്റ്റന്റ് സർജൻ, ഒരു ഫിസിഷ്യൻ, ഒരു പീഡിയാട്രീഷ്യൻ എന്നിങ്ങനെയുള്ള തസ്തിക സൃഷ്ടിച്ചതിന് ശേഷമാണ് കിടത്തി ചികിത്സയെ കുറിച്ചു ചിന്തിക്കേണ്ടത്. ചികിത്സിക്കുന്ന ഡോക്ടർമാരുടെ നിഗമനങ്ങളോ, രോഗിയുടെ ഗുരുതരാവസ്ഥയോ പരിഗണിക്കാതെ, രോഗ സങ്കീർണതകൾ ചികിത്സിക്കാൻ യാതൊരു സൗകര്യവും ഇല്ലാത്ത പി.എച്ച്.സി/ സി.എച്ച്.സികളിൽ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കണമെന്ന് ചിലർ വാശിപിടിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും കെ.ജി.എം.ഒ.എ പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു.