ouse

അടിമാലി: 2022ൽ കണ്ണൂരിൽ ഭർത്താവിന്റെ ആസിഡാക്രമണത്തിൽ കൊല്ലപ്പെട്ട നിജിതയുടെ മക്കൾക്ക് അടിമാലിയിൽ സ്‌നേഹവീടൊരുങ്ങി. പോയ കാലത്തെ പൊള്ളുന്ന ഓർമ്മകളിൽ നിന്ന് നിജിതയുടെ മക്കൾ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും പുതിയ വീട്ടിലേക്ക് നടന്നു കയറി. ഇന്ന് മുതൽ ഇവർക്ക് അടിമാലി ആയിരമേക്കറിൽ സുമനസുകൾ തീർത്ത് നൽകിയ സ്‌നേഹ ഭവനത്തിൽ അന്തിയുറങ്ങാം. ആസിഡാക്രമണത്തിൽ പരിക്കേറ്റ നിജിതയുടെ മകളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് അടിമാലി ഇരുന്നൂറേക്കറിലുള്ള പൊള്ളൽ ചികിത്സാലയമായ സ്‌നേഹസാന്ത്വനമായിരുന്നു. വൈദ്യരത്നം ജോർജ്ജ് ഫിലിപ്പ് വൈദ്യരായിരുന്നു പാരമ്പര്യ ചികിത്സയിലൂടെ ബാലികയ്ക്ക് തുണയായത്. ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും ബാലികക്കും സഹോദരനും ഇവർക്ക് തണലായി നിന്ന വല്യമ്മയ്ക്കും കയറി കിടക്കാൻ സ്വന്തമായി ഭവനമുണ്ടായിരുന്നില്ല. തുടർന്ന് ജോർജ്ജ് ഫിലിപ്പ് വൈദ്യർ തന്നെ ഇവർക്ക് വീട് നിർമ്മാണത്തിനായി അഞ്ച് സെന്റ് സ്ഥലം സൗജന്യമായി വിട്ടു നൽകി. ആയിരമേക്കറിലെ ഈ സ്ഥലത്താണ് സ്‌നേഹഭവനം ഒരുങ്ങിയിട്ടുള്ളത്. കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ സ്‌നേഹവീടിന്റെ താക്കോൽദാനം നിർവ്വഹിച്ചു. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ സ്‌നേഹവീടിന്റെ ആശീർവാദം നിർവ്വഹിച്ചു. താക്കോൽദാന ചടങ്ങിൽ മാർ ജോൺ നെല്ലിക്കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി. നിജിതയുടെ മകൾ കൂമ്പൻപാറ ഫാത്തിമമാത ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലും മകൻ വയനാട്ടിലുമാണ് പഠിക്കുന്നത്. ജോർജ്ജ് ഫിലിപ്പ് വൈദ്യർക്കൊപ്പം കൂമ്പൻപാറ ഫാത്തിമമാത ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ കൂടി നേതൃത്വത്തിലാണ് വിവിധ സുമനസ്സുകളുടെ സഹായത്താൽ സ്‌നേഹ വീടിന്റെ പൂർത്തീകരണം സാധ്യമാക്കിയത്. ജില്ലാ കളക്ടറായിരുന്ന ഷീബാ ജോർജ്ജ് തറക്കല്ലിട്ടായിരുന്നു വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. വീട്ടിലേക്ക് വേണ്ട മുഴുവൻ ഫർണ്ണീച്ചറുകളും ഫാത്തിമമാത ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന്റെയും പി.ടി.എയുടെയും സഹകരണത്തോടെയാണ് വാങ്ങി നൽകിയത്. ചടങ്ങിൽ സ്‌കൂൾ മാനേജർ ഫാ. ഡോ. സി. പ്രദീപ സി.എം.സി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, മുൻ എം.എൽ.എ എ.കെ. മണി, ഫാ. തോമസ് തൂമ്പുങ്കൽ, സിസ്റ്റർ ക്രിസ്റ്റീന, ജോർജ്ജ് ഫിലിപ്പ് വൈദ്യർ, ഫാ. എൽദോസ് കുറ്റപ്പാല കോർ എപ്പിസ്‌ക്കോപ്പ തുടങ്ങിയവർ സംസാരിച്ചു. വീട് നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ചടങ്ങിൽ അനമോദിച്ചു.