കട്ടപ്പന :ജില്ലയിലെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം അട്ടിമറിക്കാൻ ചില ഉദ്യോഗസ്ഥർ നടത്തുന്ന നീക്കത്തിനെതിരെ ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റി ഇന്ന് 11ന് ഡി.എം.ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ് സുധീഷ്, ട്രഷറർ ബി.അനൂപ് എന്നിവർ സംസാരിക്കും. കേരളത്തിലെ ആരോഗ്യ മേഖല രാജ്യത്തിനും ലോകത്തിനും മാതൃകയായി മാറുന്നു. സർക്കാർ വലിയ ഇടപെടലാണ് നടത്തിവരുന്നത്. കൂടുതൽ സൗകര്യം ഏർപ്പെടുത്തിയതോടെ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായി മാറിക്കഴിഞ്ഞു. ജില്ലയിലെ ആരോഗ്യ മേഖലയിലും വലിയ മുന്നേറ്റമുണ്ടായി. എന്നാൽ, സായാഹ്ന ഒ.പി പോലെ ജനങ്ങൾക്ക് ഉപകാരപ്രദമായ സേവനങ്ങൾ ജില്ലയിലെ ആശുപത്രികളിൽ നടപ്പാക്കുന്നതിൽ ഡി.എം.ഒ ഓഫീസും ചില ഉദ്യോഗസ്ഥരും അലംഭാവം കാട്ടുന്നു. ഡോക്ടർമാരെയും നഴ്സുമാരെയും കൃത്യമായി നിയമിക്കുന്നില്ല. ചില ഡോക്ടർമാർ ഉൾപ്പെടെ കൃത്യമായി ഡ്യൂട്ടി ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നു. കൂടാതെ, അശാസ്ത്രീയമായ വർക്ക് അറേജ്‌മെന്റിന്റെ പേരിൽ ജീവനക്കാരെ സ്ഥലം മാറ്റുന്ന പ്രവണതയുമുണ്ട്. ആശുപത്രികളിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണം. ആരോഗ്യമേഖലയെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും രമേഷ് കൃഷ്ണൻ, എസ്.സുധീഷ്, ബി.അനൂപ്, ഫൈസൽ ജാഫർ, അഫ്സൽ മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.