കട്ടപ്പന : ഭൂനിയമ ഭേദഗതി നിലവിൽ വരുന്നതോടെ ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന യാഥാർഥ്യം ജനങ്ങളിൽ എത്താതെയിരിക്കാൻ യു.ഡി.എഫ് വ്യാജപ്രചാരണം നടത്തുകയാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി. പുതിയ ചട്ടം സാധാരണക്കാർക്ക് ബാധ്യതയാകുമെന്നും വീടുകൾ ക്രമവൽക്കരിക്കപ്പെടുമ്പോൾ അപേക്ഷ ഫീസും മുദ്രപ്പത്ര വിലയും അടക്കേണ്ടിവരുമെന്നും ജില്ലക്കാരെ രണ്ടാംകിട പൗരൻമാരാക്കുമെന്നുമാണ് വ്യാജപ്രചാരണം. നിൽവിലുള്ള വീടുകൾ ക്രമവൽക്കരിക്കേണ്ടതില്ലെന്ന് ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വീടുകളോടുചേർന്നുള്ള ഹോം സ്റ്റേ, ചെറുകിട വാണിജ്യ സംരംഭങ്ങൾ എന്നിവ മാത്രമേ 50 രൂപ അപേക്ഷ ഫീസ് അടച്ച് ക്രമവൽക്കരിക്കേണ്ടതുള്ളൂ. നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണയിലിരിക്കുന്ന ചട്ടരൂപീകരണ നടപടിക്രമങ്ങളിൽ തിരുത്തലുകൾക്ക് അവസരമുണ്ടായിരിക്കെയാണ് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. ഭൂപ്രശ്നങ്ങൾ ജനത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ചട്ടഭേദഗതി സർക്കാർ പരിഗണിച്ചത്. . നിർമാണങ്ങൾ ക്രമപ്പെടുത്തുന്നതിനും പുതിയ നിർമിതികൾക്ക് അനുമതി നൽകാനും ആവശ്യമായ നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നു. എൽഡിഎഫ് സർക്കാരിനെയും മന്ത്രി റോഷി അഗസ്റ്റിനെയും അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്നും നേതാക്കൾ പറഞ്ഞു. ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കിയ കരിനിയമങ്ങളെല്ലാം കോൺഗ്രസ് സർക്കാരുകളുടെ സംഭാവനയാണെന്നും ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറാണാക്കുന്നേൽ, അഡ്വ. മനോജ് എം തോമസ്, റെജി കുന്നംകോട്ട്, ജിൻസൺ വർക്കി, ഷാജി കൂത്തോടിയിൽ, ബിജു വാഴപ്പനാടി എന്നിവർ പറഞ്ഞു.