 ഓണം ഫെയറുകൾ വഴി നേടിയത് 74 ലക്ഷം രൂപ


തൊടുപുഴ: ഓണ വിപണിയിൽ റെക്കാഡ് നേട്ടവുമായി സപ്ലൈകോ. ജില്ലയിൽ നിന്ന് ഓണം ഫെയറിലൂടെ 74.36 ലക്ഷം രൂപയുടെ വിൽപ്പനയാണ് നേടിയിരിക്കുന്നത്. മുൻ വർഷം ഇത് 39 ലക്ഷം മാത്രമായിരുന്നു. ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത് തൊടുപുഴയിൽ നിന്നാണ്- 30 ലക്ഷം രൂപ. കുറവ് പീരുമേട് താലുക്കിൽ നിന്ന്- 17.74 ലക്ഷം. ഇതിന് പുറമേ 500, 1000 രൂപയുടെ ഗിഫ്റ്റ് കാർഡുകൾ വഴിയും മികച്ച വരുമാനം ലഭിച്ചു. വിവിധ കിറ്റുകൾ വഴിയും നല്ല വരുമാനമായിരുന്നു. ഇതിന് പുറമെ ആഗസ്റ്റ് 16 മുതൽ 25 വരെ 'ഹാപ്പി അവേഴ്സ് " എന്ന പേരിൽ നടത്തിയ പ്രത്യേക വിൽപ്പനയും നേട്ടമായി. മുൻ വർഷങ്ങളിൽ വിവിധ ഫെയറുകൾ വഴിയുള്ള വിൽപ്പനയിൽ ചെലവ് കൂടുതലും വരുമാനം കുറവുമായിരുന്നു. എന്നാൽ ഇത്തവണ ഇരട്ടിയോളം നേട്ടമാണ് വിൽപ്പനയിൽ. 500, 1000 രൂപയുടെ ഓണം ഗിഫ്റ്റ് കാർഡുകൾ വഴി 2.56 ലക്ഷം രൂപയാണ് ലഭിച്ചത്. 1000ന്റെ 176 കാർഡുകളും 500ന്റെ 160 കാർഡുകൾ വഴിയുമാണ് ഈ വരുമാനം. ഗിഫ്റ്റ് കാർഡുകൾക്ക് പുറമേ ആകർഷകമായ വിലക്കുറവിൽ നൽകിയ കിറ്റുകളുടെ വിൽപ്പനയും നേട്ടമായി. 7.91 ലക്ഷമാണ് കിറ്റുകളിൽ നിന്ന് ലഭിച്ചത്. 18 ഇനങ്ങൾ അടങ്ങിയ 1000 രൂപയുടെ സമൃദ്ധി ഓണക്കിറ്റ്, ഒമ്പത് ഇനങ്ങൾ അടങ്ങിയ 229 രൂപയുടെ ശബരി സിഗ്‌നേച്ചർ കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ 500 രൂപയുടെ മിനി സമൃദ്ധികിറ്റ് എന്നിവയാണ് ഇത്തവണ ഓണ വിപണിയിലിറക്കിയത്. ഓണം ഫെയറിലൂടെ വെളിച്ചെണ്ണ 4586 കിലോ വെളിച്ചെണ്ണയാണ് വിറ്റഴിച്ചത്. കൂടാതെ മൊബൈൽ ഓണച്ചന്തകൾ വഴി 2.11 ലക്ഷം രൂപയുടെ വരുമാനവും നേടി.

സബ്സിഡിയും

സമ്മാനങ്ങളും നേട്ടമായി

10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ നൽകിയതിനാൽ സബ് സിഡി ഇതര സാധനങ്ങൾക്കും വൻ ഡിമാൻഡായിരുന്നു. കൂടാതെ ഓണം പ്രതിദിന സമ്മാന പദ്ധതി, ബംബർ ജില്ലാതല സമ്മാന പദ്ധതി എന്നിവ വഴിയും ഉപഭോക്താക്കൾക്ക് കൂപ്പൺ നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകി.

(കിറ്റ്, വിറ്റഴിച്ച എണ്ണം)

സമൃദ്ധി (1000) - 607
മിനി സമൃദ്ധി (500) - 190
ശബരി സിഗ്‌നേച്ചർ (229) - 390

(വരുമാനം താലൂക്ക് തലത്തിൽ)
തൊടുപുഴ (ജില്ലാ ഫെയർ) - 30 ലക്ഷം
ദേവികുളം - 16.24 ലക്ഷം
ഇടുക്കി - 22.90 ലക്ഷം
ഉടുമ്പൻചോല - 14.46 ലക്ഷം
പീരുമേട് - 11.74 ലക്ഷം


'നിത്യോപയോഗ സാധനങ്ങൾ സുലഭമായി ലഭിച്ചതും വെളിച്ചെണ്ണ വില വർദ്ധനവും കച്ചവടത്തെ സ്വാധീനിച്ചു. കൂടാതെ മാദ്ധ്യമ വാർത്തകളും തുണച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മികച്ച നേട്ടമുണ്ടാക്കാനായി"

-എം. നീന (ഡിപ്പോ മാനേജർ)