തൊടുപുഴ:നാടിന്റെ പല ഭാഗങ്ങളിലും നിരവധി യുവാക്കൾ കുഴഞ്ഞുവീണു മരിക്കുന്നതും സ്‌ട്രോക്ക് ഉണ്ടാകുന്നതും പഠനവിധേയമാക്കണമെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷൻ. ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ ഹെൽത്ത് കോൺക്ലേവിൽ പ്രതിനിധികൾ പാസാക്കിയ പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യാതൊരു അസുഖവും ഇല്ലാത്ത ആളുകളും കുഴഞ്ഞു വീഴുകയാണ്. കൊവിഡിന് ശേഷമാണ് ഇങ്ങനെയൊരു സാഹചര്യം ഉരുത്തിരിഞ്ഞത്. ചില ആളുകളുടെ രക്തം കട്ടപിടിക്കുന്നതായി കാണുന്നു. ഇത് അറിയുവാൻ സഹായിക്കുന്ന ഡി ഡയമർ ടെസ്റ്റ് നടത്തിയാൽ തക്കതായ ചികിത്സ നടത്തുവാൻ സാധിക്കും. 1000 രൂപയിൽ താഴെ വരുന്ന ഈ ടെസ്റ്റ് സബ്സിഡി നിരക്കിൽ നടത്തുവാനും ബോധവൽക്കരണം നടത്തുവാനും ഗവൺമെന്റുകൾ തയ്യാറാകണമെന്ന് അസോസിയേഷൻ പ്രതിനിധികൾ പ്രമേയത്തിൽ ആവശ്യപ്പെട്ടു.കോൺക്ലേവ് സംസ്ഥാന പ്രസിഡന്റ് വൈ.വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടോം ചെറിയാൻ, സെക്രട്ടറി കെ.എസ് മധു , പാറത്തോട് ആന്റണി, ജോർജ് വർഗീസ്, ജോയ് ഉദയ, അനിൽ ശങ്കർ, മനിൽ തോമസ്, പോൾസൺ ജെമിനി എന്നിവർ നേതൃത്വം നൽകി. ഇടുക്കി ടൂറിസം ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയിയായ ഹനീഫ ടി തകടിയേലിന് മെമെന്റോയും ക്യാഷ് അവാർഡും വിതരണം ചെയ്തു.