ഇടുക്കി : ഉപ്പുതറ പത്തേക്കർ പൊരികണ്ണി റോഡിലെ പണ്ടാരംപീടികയിൽ കാലവർഷത്തിൽ തകർന്ന പാലത്തിന് പകരമുള്ള കലുങ്കിന്റെ നിർമ്മാണം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ടെണ്ടർ നടപടികൾ മൂന്നാഴ്ചക്കുള്ളിൽ പൂർത്തിയാക്കി കലുങ്കിന്റെ നിർമ്മാണം കരാറുകാരനെ ഏൽപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. ഉപ്പുതറ പഞ്ചായത്തിലെ അസി. എഞ്ചിനീയറുടെ മേൽനോട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കി സുരക്ഷിതമായ സഞ്ചാര സൗകര്യം ഒരുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. കാലവർഷത്തിൽ തകർന്ന കോൺക്രീറ്റ് പാലത്തിന് പകരം താത്ക്കാലിക തടിപ്പാലം നിർമ്മിച്ചെങ്കിലും അത് തകർച്ചയുടെ വക്കിലാണെന്ന് പരാതിക്കാരൻ അറിയിച്ചു. കലുങ്കിന്റെ നിർമ്മാണത്തിന് 6 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും തോടിലെ ശക്തമായ നീരൊഴുക്ക് കുറഞ്ഞാലുടൻ നിർമ്മാണം ആരംഭിക്കുമെന്നും ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.