
ഇടുക്കി: ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ കായികനിധി പദ്ധതിയിൽ ലഭിച്ച ആദ്യ കളക്ടർ ഡോ.ദിനേശൻ ചെറുവാട്ടിന് കൈമാറി. സഹോദരങ്ങളായ ഒളിമ്പ്യൻ കെ.എം.ബിനു, ഒളിമ്പ്യൻ കെ.എം.ബീനാമോൾ എന്നിവരാണ് ഇടുക്കി ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ കായികനിധിയിലേക്ക് ധനസഹായം നൽകിയത്. 60,000 രൂപയാണ് ഇവർ നൽകുന്നത്. അതിന്റെ ആദ്യഗഡുവായ 20,000 രൂപയുടെ ചെക്ക് ആണ് കെ.എം.ബിനു കളക്ടറേറ്റിലെത്തി കളക്ടർക്ക് കൈമാറിയത്.
സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, കൗൺസിൽ അംഗങ്ങളായ അനസ് ഇബ്രാഹിം, റ്റി.എം. ജോൺ, സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി ഷാജിമോൻ പി.എ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധനസഹായം നൽകിയത്. സംസ്ഥാനത്ത് ഇടുക്കി ജില്ലാ സ്‌പോർട്സ് കൗൺസിലാണ് ആദ്യമായി കായികനിധി രൂപീകരിച്ചത്. കായികരംഗത്തെ അടിസ്ഥാന സൗകര്യവികസനം, അവശ കായികതാരങ്ങൾക്കുള്ള സാമ്പത്തികസഹായം, ചികിത്സാ ധനസഹായം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കായികതാരങ്ങളെ ദേശീയഅന്തർദേശീയ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനുളള ധനസഹായം, കായികരംഗവുമായി ബന്ധപ്പെട്ട് മറ്റ് അത്യാവശ്യകാര്യങ്ങൾക്ക് തുക വിനിയോഗിക്കൽ എന്നീ ലക്ഷ്യത്തോടെയാണ് കായികനിധി രൂപികരിച്ചിരിക്കുന്നത്. കായിക പ്രേമികൾ, കായികരംഗത്തെ അദ്യൂദയാകാംക്ഷികൾ, നല്ല നിലയിലുളള കായികതാരങ്ങൾ, കായികസംഘടനകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ, ബാങ്കുകൾ, തദ്ദേശസ്വയഭരണസ്ഥാപനങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയ വ്യക്തികൾ,സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് സംഭാവനയിലൂടെയും സ്‌പോൺസർഷിപ്പിലൂടെയുമാണ് 'കായികനിധി' യിലേയ്ക്ക് തുക കണ്ടെത്തുന്നതിന് ജില്ലാ സ്‌പോർട്സ് കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്.
കായിക നിധിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ A/C NO-44327097981, IFSC-SBIN0070027,BRANCH-SBI PAINAVU എന്ന കായികനിധി അക്കൗണ്ടിലേക്ക് സംഭാവന നൽകാവുന്നതാണെന്ന് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ9446027681.