കട്ടപ്പന: ഉപ്പുതറയിൽ സുവിശേഷ പ്രവർത്തകരെ കൈയേറ്റം ചെയ്തതിനെതിരെ ക്രിസ്ത്യൻ ഐക്യവേദി പ്രതിഷേധിച്ചു. രേഖാമൂലം പരാതി നൽകി യിട്ടും പൊലീസ് കേസെടുക്കാതെ വന്നതോടെയാണ് പ്രതിഷേധ യോഗം നടത്തിയത്. പെന്തക്കോസ്ത് സഭ സെന്റർ പാസ്റ്റർ കെ.വി വർക്കി ഉദ്ഘാടനം ചെയ്തു. തിരുവോണനാളിൽ ഉപ്പുതറയിൽ ലഹരിക്കും സാമൂഹികതിന്മക്കുമെതിരേ നടത്തിയ ബോധവൽകരണയോഗം അലങ്കോലപ്പെടുത്തുകയും സുവിശേഷ പ്രവർത്തകരെ കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് വസ്ത്രവ്യാപാരി ബഹളംവെയ്ക്കുകയും ക്രിസ്ത്യൻ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറയെ കൈയേറ്റം ചെയ്യുകയും ചെയ്തത്. പ്രസംഗിച്ചുകൊണ്ടിരുന്ന പാസ്റ്റർ കെ.എ എബ്രഹാമിനെ അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. ഉടൻ നടപടിയുണ്ടായില്ലെങ്കിൽ ഉന്നത പൊലീസ് അധികൃതർക്ക് പരാതി നൽകുമെന്നും പ്രതിഷേധം ശക്തമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പാസ്റ്റർ ജയ്സൺ ഇടുക്കി അദ്ധ്യക്ഷനായി. പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ, പരിശുദ്ധൻ ദാനിയേൽ, എ.ഏബ്രഹാം, വി.വിൻസന്റ്, എസ്. കിഷോർ, എം. ജയകുമാർ, കെ.എം ഏബ്രഹാം, സജി മാത്യു, വി.എസ് ജോസഫ്, റെജി ചാക്കോ എന്നിവർ സംസാരിച്ചു.