 ഏഴ് ദിവസത്തിനകം സെക്രട്ടറി റിപ്പോർട്ട് നൽകണം


കുമളി: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയിൽ പിഴവുകൾ കണ്ടെത്തിയ 6 സ്ഥാപനങ്ങളിൽ നിന്നായി 75000 രൂപ ഈടാക്കാൻ കുമളി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഈ സ്ഥാപനങ്ങൾക്കെതിരെ സ്വീകരിച്ച നടപടി സംബന്ധിച്ച്ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സെക്രട്ടറിക്ക് നൽകിയ കത്തിൽ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചായത്ത് അധികൃതർപോലും അറിയാതെ രഹസ്യമായാണ് സ്‌ക്വാഡ് പരിശോധനക്ക് എത്തിയത്. ചില സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം ഓടയിലേക്ക് തുറന്നു വിട്ടിരിക്കുന്നത് പരിശോധനയിൽ കണ്ടെത്തി. നിയമലംഘനം നടന്നിരിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷനും ചിത്രവും സഹിതമാണ് സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ചില വൻകിട സ്ഥാപനങ്ങൾക്കുപോലും ശരിയായ മാലിന്യ സംസ്‌കരണ സംവിധാനമില്ല. ഇക്കാര്യത്തിൽ പഞ്ചായത്ത് മുമ്പ് പല തവണ ഇവർക്ക്‌ നോട്ടീസ് നൽകിയിട്ടുണ്ട്. ശരിയായ മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സെക്രട്ടറി അശോക് കുമാർ പറഞ്ഞു.