13 നായ്ക്കൾക്ക് വാക്സിനേഷൻ നൽകി
തൊടുപുഴ: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം തൊടുപുഴ നഗരത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ എടുക്കൽ ആരംഭിച്ചു. വിവിധയിടങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതിൽ വ്യാപക വിമർശനമുയരുന്നതിനിടയിലാണ് നഗരസഭയുടെ തീരുമാനം. ചൊവ്വാഴ്ച മുതൽ തുടക്കമിട്ട പദ്ധതിയുടെ ഭാഗമായി ഇതുവരെ 13 നായ്ക്കൾക്ക് വാക്സിനേഷൻ നൽകി. നഗരത്തിൽ വാക്സിനേഷൻ നൽകുവാൻ 251 നായ്ക്കളാണുള്ളത്. അടുത്ത ഘട്ടം വാക്സിനേഷൻ തിങ്കളാഴ്ചയ്ക്ക് ശേഷം വീണ്ടും നൽകിത്തുടങ്ങും. ഒരു നായയ്ക്ക് ഒരു മില്ലി വാക്സിനാണ് നൽകുക. ഒരു വർഷമാണ് വാക്സിന്റെ കാലാവധി. പേവിഷ ബാധയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടത്തുന്നത്. ഡോഗ് ക്യാച്ചർമാർ, വെറ്ററിനറി സർജൻ, ജീവനക്കാർ എന്നിവരടങ്ങുന്ന സംഘമാണ് നേതൃത്വം നൽകുന്നത്. പിടിക്കുന്ന നായ്ക്കളെ ആ സ്ഥലത്തുവെച്ചു തന്നെ കുത്തിവെയ്പ്പ് നടത്തി വിടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വർഷം പ്രൊജക്ട് നൽകാത്തതിനാൽ തെരുവ് നായ്കൾക്ക് വാക്സിനേഷൻ എടുത്തിരുന്നില്ല. എന്നാൽ ഇത്തവണ വാക്സിനേഷൻ നടത്തണമെന്ന് സർക്കാർ നിർദ്ദേശവുമുണ്ടായിരുന്നു. വാക്സിൻ യഞ്ജത്തിന് 1.25 ലക്ഷം രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നുത്. ഒരു നായയ്ക്ക് വാക്സിനെടുക്കുന്നതിന് 500 രൂപയാേളമാകും. ഇതിനാവശ്യമായ ഫണ്ടും വകയിരുത്തിയിട്ടുണ്ട്. മരുന്ന് സർക്കാർ നൽകുമെങ്കിലും ക്യാച്ചർമാർക്കുള്ള കൂലിയുംവണ്ടിക്കൂലിയും ഉൾപ്പെടെയാണിത്. എടുക്കാനാവശ്യമായ മരുന്ന് അടക്കം മുഴുവൻ സഞ്ജീകരണങ്ങളും തയ്യാറാണ്. ഇതിനൊപ്പം നഗരത്തിലെ മുഴുവൻ വളർത്ത് നായ്ക്കൾക്കും ലൈസൻസും നിർബന്ധമാക്കും.
നടപടി പ്രതിഷേധം
ശക്തമാകുന്നതിനിടയിൽ
തെരുവുനായ്ക്കൾക്കുള്ള പ്രതിരോധ വാക്സിൻ മുന്നോട്ട് പോകുന്നത് പ്രതിഷേധം രൂക്ഷമാകുന്നതിനിടയിൽ. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് മുതലക്കോടത്ത് സ്‌കൂൾ വിദ്യാർത്ഥിയെ തെരുവ് നായ കടിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിരുന്നു. സൈക്കിളിൽ പോയ വിദ്യാർത്ഥി ആക്രമണത്തെ തുടർന്ന് വെള്ളം നിറഞ്ഞ കനാലിൽ വീഴുന്ന സാഹചര്യവുമുണ്ടായി. നഗരത്തിലെ ഒരു ഹോട്ടലിന് മുമ്പിലും വയോധികനെ തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു. പട്ടയംകവല കനാൽ റോഡിൽ പറമ്പിൽ കെട്ടിയിട്ടിരുന്ന രണ്ട് ആടുകളെയും നായ്ക്കൾ കടിച്ച് കൊന്നിരുന്നു. നഗരത്തിൽ ആളുകൾക്കിടയിലൂടെ ഭീതിയുണർത്തി നായ്ക്കൾ അലഞ്ഞുതിരിയുന്നതും ജനത്തെ ഭീതിയിലാഴ്ത്തുകയാണ്. പല വ്യാപാര സ്ഥാപനങ്ങളും രാവിലെ തുറക്കുവാൻ എത്തുമ്പോൾ തെരുവ് നായ്ക്കൾ കൂട്ടമായാണ് സ്ഥാപനങ്ങളുടെ മുന്നിൽ കാണുന്നത്. ഇത് വ്യാപാരികൾക്കും ഭീഷണി ഉയർത്തുന്ന സാഹചര്യമായിരുന്നു. മിക്കയിടങ്ങളിലും ഇതായിരുന്നു അവസ്ഥ. എ.ബി.സി സെന്റർ ആരംഭിക്കാത്തതിനാൽ പൂർണ വന്ധ്യംകരണമെന്നതും പ്രായോഗികമല്ല. തെരുവ് നായ്ക്കളുടെ കാര്യത്തിൽ വാർഡിലെ ജനങ്ങൾ നിരന്തരം കൗൺസിലർമാരോട് പരാതി ഉയർത്തുന്നത് ജനപ്രതിനിധികൾക്കും തലവേദനയായിരുന്നു. വാക്സിനേഷനിലൂടെ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.
''വാക്സിനേഷൻ നടപടികൾ പരമാവധി ഒരു മാസത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യം. ഇതിനാവശ്യമായ മുഴുവൻ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്'' -
ഡോ. ജസ്റ്റിൻ ജേക്കബ്
(സീനിയർ വെറ്ററിനറി സർജൻ,
ജില്ലാ മൃഗാശുപത്രി )