
തൊടുപുഴ സ്വദേശികളായ വിനോദ സഞ്ചാരികളാണ് കലാപഭൂമിയിൽ കഴിയുന്നത്
തൊടുപുഴ: വിനോദയാത്രക്കെത്തി നേപ്പാളിലെ കലാപത്തിൽ കുടുങ്ങിയ തൊടുപുഴ സ്വദേശികളായ 28 വിനോദ സഞ്ചാരികളും സുരക്ഷിതർ.തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശികളായ 12 പുരുഷന്മാരും 16 സ്ത്രീകളും അടങ്ങുന്ന സംഘമാണ് പൊഖാറോ എന്ന സ്ഥലത്ത് അകപ്പെട്ടത്. സ്ഥലത്തെ മനാസിലോ ഹോട്ടലിൽ സംഘം സുരക്ഷിതരാണ്. ഇവർ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള നേപ്പാൾ രാഷ്ട്രീയ നേതാവിന്റെ ഒരു ഹോട്ടൽ അക്രമികൾ നശിപ്പിച്ചെങ്കിലും വിദേശ സഞ്ചാരികൾ താമസിക്കുന്ന ഇടങ്ങളിൽ കലാപകാരികൾ ആക്രമണം നടത്തിയിട്ടില്ല. ഇവരുടെ സമരം നേപ്പാൾ സർക്കാരിനെതിരെ മാത്രമായതിനാൽ വിദേശികളെ ആക്രമിച്ചതായി അറിവ് ലഭിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു. കാഠ്മണ്ഡു വിമാനത്താവളത്തിനടുത്ത് നിന്നും അഞ്ചര കിലോമീറ്റർ ദൂരത്തിലാണ് ഈ സ്ഥലം. സെപ്തംബർ '7ന് യു.പി ഗൊരഖ്പൂർ എയർപോർട്ടിൽ നിന്നും ടൂറിസ്റ്റ് ബസിൽ റോഡ് മാർഗമാണ് 28 അംഗ സംഘം നേപ്പാളിൽ എത്തിയത്. കൊച്ചിയിൽ നിന്നും ഹൈദരാബാദ് എയർപോർട്ടിലെത്തി അവിടെ നിന്നാണ് ഗൊരഖ്പൂരിൽ സംഘം എത്തിയത്. കലാപം രൂക്ഷമായത് ഇവർ എത്തിയതിന് ശേഷമാണ്. ഒരാഴ്ചത്തെ യാത്ര തൊടുപുഴ താലൂക്ക് ഓഫീസ് ജീവനക്കാരനായ മഞ്ജുഹാസന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്. സ്വകാര്യ ഏജൻസിയുടെ സഹകരണത്തോടെയായിരുന്നു നേപ്പാൾ പര്യടനം. സംഘത്തിൽ കുട്ടികൾ ഉൾപ്പെട്ടിട്ടില്ല. എല്ലാം മുതിർന്നവരാണ്. സാഹചര്യം അനുകൂലമായാൽ ഇന്ന് തന്നെ മടങ്ങും. നിലവിൽ 14നാണ് ഇവരുടെ തിരിച്ചുള്ള ബസ് -വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തിരിക്കുന്നത്.
പരക്കെ ആക്രമണം
നേപ്പാളിൽ പരക്കെ ആക്രമണം നടക്കുകയാണ്. ഇതെല്ലാം അവിടെ കുടുങ്ങിയ തൊടുപുഴക്കാർക്ക് നേരിട്ട് കാണാം. പല സ്ഥലങ്ങളിലും, തെരുവ് യുദ്ധക്കളമാണ്. തങ്ങൾ എത്തിയ ശേഷം പലയിടങ്ങളിലും വ്യാപക അക്രമം നടത്തുന്നത് സംഘം നേരിൽ കണ്ടു. സർക്കാരിനെതിരായ ജന വികാരം അതിശക്തമാണ്. നാട്ടിൽ ഹർത്താലുകളും മറ്രും കണ്ടിട്ടുണ്ടെങ്കിലും വാഹനങ്ങളും, സർക്കാർ ഓഫീസുകളും കത്തിച്ചും മന്ത്റിമന്ദിരങ്ങൾ തകർത്തുമുള്ള ഭീകരമായ സമരമാണിവിടെ അരങ്ങേറുന്നത്. എന്നാൽ ചില മേഖലകൾ ശാന്തമാണെന്നും ഇവർ പറഞ്ഞു.
''ഞങ്ങളുടെ കാര്യത്തിൽ ആശങ്ക വേണ്ട. എല്ലാവരും സുരക്ഷിതരാണ്. നിലവിൽ സ്ഥിതിഗതികൾ അൽപം ശാന്തമായി തുടങ്ങിയിട്ടുണ്ടെങ്കിലും സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കിയ ശേഷമായിരിക്കും നാട്ടിലേക്കുള്ള മടക്കം - പി.എസ് മുരളീധരൻ പിള്ള ( സംഘാംഗം)