തൊടുപുഴ: ആംബുലൻസ് ഡ്രൈവറെ ഓട്ടം വിളിച്ച് കമ്പളിപ്പിച്ച കേസിൽ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമായി ഡ്രൈവർ. തൊടുപുഴ കുന്നപ്പള്ളീൽ വീട്ടിൽ കെ.സി യേശുദാസാണ് പരാതിക്കാരൻ. ഓട്ടം വിളിച്ച് കബളിപ്പിച്ച കേസിൽ തൊടുപുഴ സി.ഐക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. ഇതിനെ തുടർന്ന് ഇന്നലെ ഇക്കാര്യമുന്നയിച്ച് ഡിവൈ.എസ്.പി.ക്കും പരാതി നൽകി. വർഷങ്ങളായി ഇദ്ദേഹം നഗരത്തിൽ ആംബുലൻസ് സർവീസ് നടത്തിവരികയാണ്. എട്ടാം തീയതി ഉച്ചയോടെ പരിചയമില്ലാത്ത നമ്പരിൽ നിന്നും ഓട്ടം വിളിച്ചതായാണ് പരാതിയിൽ പറയുന്നത്. തൊടുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ അപകടത്തിൽപ്പെട്ട് ഒരാൾ കിടക്കുന്നതായും പെട്ടെന്ന് വരണമെന്നും പറഞ്ഞായിരുന്നു വിളി . എന്നാൽ അവിടെയെത്തിയെങ്കിലും അപകടം നടന്നതായി ആരും അറിഞ്ഞിരുന്നില്ല. ഇതോടെ വിളിച്ച നമ്പറിൽ തിരികെ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന പൊലീസ് റോഡ് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു അവരുടെ നിർദ്ദേശപ്രകാരം സ്റ്റേഷനിലെത്തി എസ്.എച്ച്.ഒയുടെ ഓഫീസിൽ പരാതി നൽകിയാതായും ഇദ്ദേഹം പറയുന്നു. എന്നാൽ ഈ വിഷയത്തിൽ തന്നെ ബന്ധപ്പെടുകയോ തുടരന്വേഷണം നടത്തുകയോചെയ്തിട്ടില്ലെന്നും ചുണ്ടിക്കാട്ടിയാണ് രണ്ടാമതും പരാതി നൽകിയിരിക്കുന്നത്. എന്നാൽ പരാതി നൽകിയത് തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും തൊടുപുഴ സി.ഐ എസ് .മഹേഷ്‌കുമാർപറഞ്ഞു.