കട്ടപ്പന : അകാരണമായി കസ്റ്റഡിയിലെടുത്ത പൊലീസ് മർദിച്ചെന്നും ഇതേ തുടർന്ന് കേൾവി ശക്തിക്ക് അടക്കം തകരാർ സംഭവിച്ചെന്നും ആരോപിച്ച് കർഷകൻ. നെടുങ്കണ്ടം മഞ്ഞപ്പെട്ടി കീഴോർമറ്റത്തിൽ സിബി തോമസാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2025 ജുലായ് 29ന് മഞ്ഞപ്പെട്ടി എട്ടുമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന വീടിനു സമീപത്തു നിൽക്കുമ്പോളാണ് വാഹനത്തിൽ പൊലീസ് എത്തിയത്. എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇവിടെ വച്ച് കരണത്തിന് അടിക്കുകയായിരുന്നു. ഇടത് ചെവിയുടെ കേൾവി ശക്തി പൂർണമായി നഷ്ടമായി. വാഹനത്തിൽ കയറ്റിയ തന്നെ വാണ്ടിക്കുള്ളിൽ വെച്ച് ക്രൂരമായി മർദിച്ചതായും ഇയാൾ പറഞ്ഞു. രാത്രിയിൽ ജാമ്യത്തിൽ വിട്ടതിനു പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് തൊട്ടടുത്ത ദിവസം വിളിച്ച് വീണ്ടും സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. വൈകിട്ട് അഞ്ചോടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പറഞ്ഞ് ഫോൺ അടക്കം വാങ്ങിവച്ചു. തനിക്കെതിരെ രണ്ട് കള്ളക്കേസുകൾ എടുത്തതായും പിന്നീട് ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടിയതായും സിബി പറയുന്നു. മർദനത്തിനെതിരെ പൊലീസ് കംപ്ലയിന്റ് അതോറിറ്റിയിലും കോടതിയിലും കേസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ജുലായ് 29ന് സിബി തോമസ് സമീപത്തെ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീ അടക്കമുള്ളവരെ ആക്രമിച്ചതിനെ തുടർന്നാണ് അറസ്റ്റ് ഉണ്ടായതെന്ന് കട്ടപ്പന ഡിവൈ.എസ്.പി. അറിയിച്ചു. ഇയാൾ മറ്റു കേസുകളിലും പ്രതിയാണെന്നും പൊലീസ് വിശദീകരിച്ചു.