അടിമാലി: പള്ളിവാസൽ പഞ്ചായത്തിൽ നിർമ്മിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള സ്റ്റേഡിയം അതിന്റെ നിർമ്മാണജോലികൾ പൂർത്തീകരിച്ച് ഒക്ടോബർ മാസത്തോടു കൂടി ഉദ്ഘാടനത്തിന് സജ്ജമാകുമെന്ന് പ്രസിഡന്റ് വി.ജി പ്രതീഷ് കുമാർ പറഞ്ഞു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി എം.എൽ.എയുടെയും കായികവകുപ്പിന്റെയും ഒരുകോടി രൂപ ചെലവിട്ടാണ് പള്ളിവാസൽ പഞ്ചായത്തിലും സ്റ്റേഡിയം നിർമിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ ജനുവരിയിൽ സ്റ്റേഡിയത്തിന്റെ നിർമാണമാരംഭിച്ചു. പഴയ മൈതാനത്തെ മണ്ണ് യന്ത്രമുപയോഗിച്ച് ലെവൽ ചെയ്തു.പിന്നീട് പണികൾ നിലച്ചതോടെയായിരുന്നു സ്‌റ്റേഡിയ നിർമ്മാണത്തിൽ ആക്ഷേപവുമായി യൂത്ത്‌കോൺഗ്രസ് രംഗത്തെത്തിയത്. ഈ വിഷയത്തിലാണിപ്പോൾ പള്ളിവാസൽ പ്രസിഡന്റിന്റെ പ്രതികരണം ഉണ്ടായിട്ടുള്ളത്. തഴിഞ്ഞമാസങ്ങളിൽ പെയ്ത ശക്തമായ മഴ മൂലമാണ് പണികൾ താൽക്കാലകമായി നിർത്തിയതെന്നും നിലവിൽ സ്‌റ്റേഡിയത്തിന്റെ തുടർ ജോലികൾ നടക്കുന്നതായും പഞ്ചായത്തധികൃതർ വ്യക്തമാക്കി. ഭരണത്തിലെത്തിയതു മുതൽ പഞ്ചായത്ത് പരിധിയിൽ ആകെ വിവിധങ്ങളായ വികസന പ്രവർത്തനങ്ങൾ നടത്താൻ എൽ.ഡി.എഫ് ഭരണസമിതിക്ക് കഴിഞ്ഞിട്ടുണ്ടെന്നും തദ്ദേശ തിരഞ്ഞെടുപ്പടുത്തതോടെ യു.ഡി.എഫിലെ സ്ഥാനാർത്ഥിമോഹികളായ ചിലർ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ മാത്രമാണ് ഇപ്പോഴത്തേതെന്നും വി.ജി പ്രതീഷ് കുമാർ വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിലാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണജോലികൾ ആരംഭിച്ചതെന്നും ഒരു വർഷക്കാലമാണ് നിർമ്മാണ കാലവധിയെന്നും പഞ്ചായത്തധികൃതർ വ്യക്തമാക്കി. മഴയെത്തിയില്ലായിരുന്നെങ്കിൽ സെപ്തംബറിൽ തന്നെ സ്റ്റേഡിയത്തിന്റെ നിർമ്മാണജോലികൾ പൂർത്തീകരിക്കാനാകുമായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു.