മൂന്നാർ: സ്ഥലം മാറ്റിയ പഞ്ചായത്ത് സെക്രട്ടറി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവോടെ അതേ പഞ്ചായത്തിൽ തിരിച്ചെത്തി ചുമതലയേറ്റു. പഞ്ചായത്ത് പ്രസിഡന്റിന്റെ രാജിക്കത്ത് സ്വീകരിച്ചതിൽ ചട്ട ലംഘനം ഉണ്ടെന്നാരോപിച്ചായിരുന്നു മൂന്നാർ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ജി.പി ഉദയകുമാറിനെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് സ്ഥലം മാറ്റിയത്. എന്നാൽ നടപടി നിലനിൽക്കില്ലെന്ന കണ്ടെത്തിയതിനെ തുടർന്നാണ് ഉദയകുമാറിനെ മൂന്നാർ പഞ്ചായത്തിൽ തിരികെ നിയമിക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടത്. വിവാദങ്ങൾക്കൊടുവിൽ കോഴിക്കോട് തൂണേരിയിലേക്കായിരുന്നു ഉദയകുമാറിനെ സ്ഥലം മാറ്റിയത്. കഴിഞ്ഞ മാർച്ച് 29 നാണ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ദീപ രാജ്കുമാർ രാജിവച്ചത്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കൊപ്പമെത്തിയാണ് ദീപ രാജിക്കത്ത് സെക്രട്ടറിക്ക് നൽകിയത്. തന്നെ മുറിയിൽ പൂട്ടിയിട്ടശേഷം ഒപ്പിടാൻ നേതാക്കൾ നിർബന്ധിച്ചെന്നും വഴങ്ങാതെ വന്നതോടെ തന്റെ പേരിൽ വ്യാജ ഒപ്പിട്ടശേഷം തന്നെ ബലമായി സെക്രട്ടറിയുടെ മുമ്പിലെത്തിച്ച് കത്ത് കൈമാറുകയാണ് ഉണ്ടായതെന്നും കാട്ടി ദീപ തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകിയിരുന്നു. കമ്മീഷന്റെ തെളിവെടുപ്പിൽ പഞ്ചായത്ത് സെക്രട്ടറി, രാജിക്കത്തിൽ പ്രസിഡന്റ് തന്റെ മുമ്പിൽ വെച്ചല്ല ഒപ്പിട്ടതെന്ന് മൊഴി നൽകിയിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ദീപയെ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ അനുവദിക്കുകയും വീഴ്ച വരുത്തിയ സെക്രട്ടറിയെ സ്ഥലം മാറ്റാൻ നിർദേശം നൽകുകയും ചെയ്തു. ഈ നടപടിക്കെതിരെയായിരുന്നു തന്നെ അകാരണമായി സ്ഥലം മാറ്റിയെന്നാരോപിച്ച് ജി.പി ഉദയകുമാർ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. തുടർന്നാണ് ഉദയകുമാറിന് അകൂലമായ ഉത്തരവ് ഉണ്ടായത്.