dam

കുമളി: മുല്ലപ്പെരിയാർ മേൽനോട്ട സമിതി നിയോഗിച്ച അഞ്ചംഗ ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി. കേന്ദ്ര ജലക്കമ്മീഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഗിരിധർ അദ്ധ്യക്ഷനായ സമിതിയാണ് പരിശോധന നടത്തിയത്. തുട‌ർന്ന് യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.133.80 അടിയാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് അഞ്ചംഗ ഉപസമിതി പരിശോധന നടത്തിയത്. തേക്കടിയിൽ നിന്ന് ബോട്ട് മാർഗം അണക്കെട്ടിലെത്തിയ സംഘം മൂന്ന് ഷട്ടറുകൾ ഉയർത്തി പ്രവർത്തനക്ഷമത പരിശോധിച്ചു. ബേബി ഡാം, ഗാലറി എന്നിവിടങ്ങളിലും പരിശോധന നടത്തി. ഡാമിൽ അറ്റകുറ്ര പണികൾ നടക്കുന്നതും പരിശോധിച്ചു. സമിതിയിൽ കേരളത്തിന്റെ പ്രതിനിധികളായി എക്സിക്യൂട്ടീവ് എൻജിനീയർ ലെവിൻസ് ബാബു, അസി. എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ. സിജി, തമിഴ്നാട് ജലവിഭവ വകുപ്പിനെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് എൻജിനീയർമാരായ സാം ഇർവിൻ, സെൽവം എന്നിവരുമാണ് സംഘത്തിലുള്ളത്.