
പീരുമേട്: വള്ളക്കടവിൽ പ്രവർത്തിച്ചു വരുന്ന എൽ.ആൻഡ് ജി എന്ന റിസോർട്ടിലെ ജീവനക്കാരനെ റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുത്തുവാണ് (36)മരിച്ചത്. റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ ഗൂഡല്ലൂർ സ്വദേശിയായ മുത്തു ഒന്നരമാസം മുമ്പാണ് ജോലിക്ക് എത്തിയത്.കഴിഞ്ഞ ദിവസം രാവിലെ റൂം തുറക്കാൻ എത്തിയ ഉടമ പല പ്രാവശ്യം വിളിച്ചിട്ടും കതക് തുറക്കാത്തതിൽ സംശയം തോന്നുകയും തുടർന്ന് പൊലീസിൽ അറിയിക്കുകയുമായിരുന്നു.വണ്ടിപ്പെരിയാർ സബ് ഇൻസ്‌പെക്ടർ ടി.എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയപ്പോൾ മുത്തുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനരികിൽ മദ്യക്കുപ്പിയും, വിഷ മരുന്നും കണ്ടെത്തി. ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.