
തൊടുപുഴ : എൻ.സി.സി ഡൽഹിയിൽ സംഘടിപ്പിച്ച തൽ സൈനിക് ക്യാമ്പിൽ സ്വർണ്ണ മെഡൽ അടക്കം ശ്രദ്ധേയമായ നേട്ടം കൈവരിച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ മൂന്ന് കേഡറ്റുകൾ. കോളേജിലെ ബിരുദ വിദ്യാർത്ഥികളായ കിരൺ ജേക്കബ് ജോയ്സ്, അലൻ രാജൻ, അരവിന്ദ് രാജേഷ് എന്നിവരാണ് പരമോന്നത ക്യാമ്പായ തൽ സൈനിക് ക്യാമ്പ് വിജയകരമായി പൂർത്തീകരിച്ചത് .നൂറു ദിവസം നീണ്ടു നിൽക്കുന്ന കഠിനമായ സെലക്ഷൻ പ്രക്രിയയ്ക്ക് ശേഷമാണ് കേഡറ്റുകൾ ഡൽഹിയിലെ ക്യാമ്പിലേക്ക് യോഗ്യത നേടുന്നത്. ഒബ്സ്റ്റക്കിൾ ട്രെയിനിങ്, ഫയറിങ്, ജെ.ഡി.എഫ്.എസ്, ഹെൽത്ത് ആൻഡ് ഹൈജിൻ, മാപ് റീഡിങ് എന്നീ മിലിറ്ററി മത്സരയിനങ്ങളാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കേഡറ്റുകൾക്കായി ക്രമീകരിക്കപ്പെട്ടത്.ഇവയിൽ ഒബ്സ്റ്റാക്കിൾ ട്രെയിനിങ്ങ് വിഭാഗത്തിൽ കിരൺ ജേക്കബും ഫയറിങ്ങിൽ അലൻ രാജനും ഹെൽത്ത് ആൻഡ് ഹൈജിൻ വിഭാഗത്തിൽ അരവിന്ദ് രാജേഷും സംസ്ഥാനത്തെ പ്രതിനിധീകരിച്ചു.ടി.എസ്.സി ദേശീയതല ടീം ഷൂട്ടിംഗ് ചാമ്പ്യൻ ഷിപ്പിൽ അലൻ സ്വർണ മെഡൽ ജേതാവായത് ശ്രദ്ധേയമായ നേട്ടമായി. ന്യൂമാനിൽ മൂന്നാം വർഷ ബികോം വിദ്യാർഥിയായ കിരൺ പന്നിമറ്റം കുഴിപ്പാലയിൽ വീട്ടിൽ ജോയ്സ് -ഷൈനി മോൾ ദമ്പതികളുടെ മകനാണ്. ശാന്തൻപാറ പൊക്കേൽ വീട്ടിൽ രാജൻ- ത്രേസ്സ്യാമ്മ ദമ്പതികളുടെ മകനായ അലൻ രാജൻ മൂന്നാം വർഷ ചരിത്ര ബിരുദ വിദ്യാർത്ഥിയാണ്. ഈസ്റ്റ് മാറാടി വാഴയിൽ പുത്തൻ പുൃരയിൽ വീട്ടിൽ രാജേഷ് -സജനി ദമ്പതികളുടെ മകനായ അരവിന്ദ് രണ്ടാം വർഷ സുവോളജി വിദ്യാർത്ഥിയാണ്. മികച്ച നേട്ടം കരസ്ഥമാക്കിയ കേഡറ്റുകളെ 18 കേരള ബറ്റാലിയൻ കമാന്റിങ് ഓഫീസർ ലെഫ്. കേണൽ അനിരുധ് സിംഗ്, ന്യൂമാൻ കോളേജ് മാനേജർ മോൺ. ഡോ. പയസ്സ് മലയക്കണ്ടത്തിൽ, പ്രിൻസിപ്പൽ ഡോ. ജെന്നി കെ അലക്സ്, അസോസിയേറ്റ് എൻ.സി.സി ഓഫീസർ ക്യാപ്ടൻ പ്രജീഷ് സി മാത്യു, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സാജു അബ്രഹാം, പ്രൊഫ. ബിജു പീറ്റർ, കോളേജ് ബർസാർ ഫാ. ബെൻസൺ എൻ ആന്റണി എന്നിവർ അഭിനന്ദിച്ചു.