njarukkutti
തൊടുപുഴ - ഉടുമ്പന്നൂർ റോഡിൽ ഞറുക്കുറ്റി വളവിൽ കാട് മൂടിയ പ്രദേശം

കൊടുങ്കാട്, പെരുമ്പാമ്പ്,വൻമരങ്ങൾ ഇത് തൊടുപുഴ - ഉടുമ്പന്നൂർ റോഡ്

തൊടുപുഴ: ഏത് നിമിഷവും അപകടം പതിയിരിക്കുന്ന പാതയോരമായി തൊടുപുഴ - ഉടുമ്പന്നൂർ റോഡ് മാറിയിരിക്കുന്നു. നഗരസഭയുമായി അതിർത്തി പങ്കിടുന്ന കരിമണ്ണൂർ പഞ്ചായത്തിന്റെ ഞറുക്കുറ്റി മുതൽ മാണിക്കുന്നേൽ പീടികവരെയുള്ള സ്ഥലത്താണ് പാതയോരം കാട് മൂടിയിരിക്കുന്നത്. ഞറുക്കുറ്റി വളവിൽ ആന കയറി നിന്നാൽ പോലും കാണാനാവാത്ത രീതിയിലാണ് കാട് പരിസരമാകെ നിറഞ്ഞത്. വണ്ണപ്പുറം - കാളിയാർ- ഉടുമ്പന്നൂർ - തൊടുപുഴ റൂട്ടിൽ സഞ്ചരിക്കുന്ന കെ.എസ്.ആർ.ടി.സി അടക്കമുള്ള നൂറുകണക്കിന് വാഹനങ്ങൾ സംഗമിക്കുന്ന പ്രധാന സ്ഥലമാണ് ഇവിടം. വലിയൊരു വളവായതിനാൽ ഇവിടെയെത്തിയാൽ വാഹന യാത്രികർക്ക് ദൂരെ നിന്നും പരസ്പരം കാണാനാവില്ല. ഇതിനിടയിലാണ് ആകാശത്തോളം കാട് മൂടി റോഡിന്റെ വശങ്ങൾ നിറഞ്ഞിരിക്കുന്നത്. മഴക്കാലമായിട്ടും ഈ പാതയോരങ്ങളിൽ കാട് തെളിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. ഉടുമ്പന്നൂർ ഭാഗത്തേക്ക് പോകുമ്പോൾ റോഡിന് വലത് വശത്തായാണ് വലിയ കാട്. കൊടുംവളവായതിനാൽ വാഹനങ്ങൾ വേഗത കുറച്ച് പോകുന്നതിനാലാണ് പലപ്പോഴും അപകടങ്ങൾ ഒഴിവാക്കുന്നത്. ഇവിടെ കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമർ അടുത്ത ദിവസങ്ങൾവരെ കാട് മൂടിക്കിടക്കുകയായിരുന്നു. വിമർശനം ശക്തമായതോടെ അധികൃതരെത്തി ഈ ഭാഗം മാത്രം വെട്ടിത്തെളിച്ചെങ്കിലും മറ്റ് ഭാഗങ്ങളിലെ കാട് പഴയ പടിതന്നെ അവശേഷിക്കുകയാണ്. മാണിക്കുന്നേൽ പീടികവരെയുള്ള ഭാഗത്തും സമാന അവസ്ഥയാണ്. റോഡിലേക്ക് ചാഞ്ഞ് കിടക്കുന്ന കാട്ട് ചെടികൾ ചെറുവാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഭീഷണിയാണ്. റോഡിന്റെ ഇരുവശങ്ങളിൽ നിന്നും കുറുന്തോട്ടിയും കാട്ട് ചെടികളും അടക്കം കാഴ്ച മറയ്ക്കും വിധമാണ് മറഞ്ഞിരിക്കുന്നത്. ഇതിന് പുറമേ റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന പാഴ് മരങ്ങളുടെ ശിഖരങ്ങളും പലയിടത്തും അപകടകരമായ രീതിയിൽ താഴ്ന്ന് നിൽക്കുകയാണ്. സമായസമയങ്ങളിൽ പാതയോരവും ഓടയും വൃത്തിയാക്കാത്തതാണ് ഈ ദുരസ്ഥയ്ക്ക് കാരണം. നിത്യേനെയെന്നവണ്ണം വാഹനാപകടങ്ങൾ നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഈ പാതയുടെ മണ്ണാർത്തറവരെയുള്ള ഭാഗം. ഇതിനിടയിൽ അധികൃതരുടെ അനാസ്ഥ മൂലം അപകടം ഇനിയും വർദ്ധിക്കുമോയെന്ന ആശങ്കയുമുണ്ട്. വിഷയത്തിൽ കരിമണ്ണൂർ പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

പാതയോരത്ത്

പെരുമ്പാമ്പും
ഞറുക്കുറ്റിയിൽ നിന്നും രണ്ട് ദിവസം മുമ്പ് നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടി. രാത്രിയിൽ റോഡ് സൈഡിലായി പെരുമ്പാമ്പ് ഇഴഞ്ഞ് നീങ്ങുന്നത് ഇതുവഴി സഞ്ചരിച്ച ഇരുചക്രവാഹന യാത്രികരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാർ ചേർന്ന് പിടികൂടിയ പാമ്പിനെ വനംവകുപ്പ് ജീവനക്കാരെത്തി ഏറ്റെടുത്തു. ഞറുക്കുറ്റി വളവിലെ കാട് മൂടിയ സ്ഥലത്ത് നിന്നുമാണ് പാമ്പ് എത്തിയതെന്നാണ് കരുതുന്നത്. പാമ്പിന് പുറമേ പ്രദേശത്ത് കുറുക്കന്റെ സാമീപ്യമുള്ളതായും നാട്ടുകാർ പറയുന്നു.