
തൊടുപുഴ : കുരുന്നുകൾ ആദ്യാക്ഷരങ്ങൾ നുകരാൻ ഹരിശ്രീ കുറിക്കുംപോലെതന്നെ ഉത്സാഹത്തോടെ 75 കാരനുമെത്തി. പിന്നെ മറ്റുള്ളവരോടൊപ്പം സാക്ഷരതാക്ലാസിലേക്ക്. വണ്ണപ്പുറം പഞ്ചായത്തിൽ ന്യൂ ഇന്ത്യാലിറ്ററസി (ഉല്ലാസ് ) പ്രോഗ്രാമിൽ പഠിതാക്കളായവരുടെ പ്രവേശനോത്സവ ചടങ്ങാണ് അക്ഷര വെളിച്ചത്തിലേക്കുള്ള അനേകം പേരുടെ തിരിച്ചു വരവിന് വേദിയായത്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയ 201 നിരക്ഷരരാണ് സാക്ഷരതാ പഠനത്തിന് തുടക്കം കുറിച്ചത്. സാക്ഷരതാ പഠനം വഴി ലഭിക്കുന്ന സർട്ടിഫിക്കറ്റ് ലഭിച്ചാൽ സാക്ഷരതാ മിഷന്റെ നാലാം തരം തുല്യതാ കോഴ്സിൽ ചേർന്ന് പഠിക്കാനാണ് ഇവരുടെ ആഗ്രഹം.
അഞ്ചാം വാർഡിലെ കള്ളിപ്പാറയിൽ നടന്ന പ്രവേശനോത്സവ ചടങ്ങിൽ പഞ്ചായത്തഗം മിനി രാജു അദ്ധ്യക്ഷയായി. പ്രസിഡന്റ് എം.എ ബിജു 75 വയസ്സുകാരനായ കള്ളിപ്പാറ ആലക്കൽ ഭാസ്‌കൻ വെള്ളാൻ എന്ന
സാക്ഷരതാ പഠിതാവിനെ അരിയിൽ അക്ഷരം എഴുതിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. 63 വയസ്സുകാരി കോട്ടുപറമ്പിൽ രാജമ്മ ദിവാകരൻ സാക്ഷരതാ പാഠവലി ഏറ്റുവാങ്ങി. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എം അബ്ദുൾകരീം മുഖ്യ പ്രഭാഷണം നടത്തി. സാക്ഷരതാ പ്രേരക് ഷെറീന ബഷീർ സ്വാഗതവും ഇൻസ്ട്രക്ടർ രഞ്ജു സുനിൽ നന്ദിയും പറഞ്ഞു.