തൊടുപുഴ: തൊടുപുഴ - പീരുമേട് താലൂക്കുകളെ ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന എറണാകുളം- തേക്കടി റോഡ് യാഥാർത്ഥ്യമാകുന്നു. 6.80 കോടി രൂപയ്ക്കാണ് റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അശോക മുതൽ മൂലമറ്റം പവ്വർ ഹൗസ് വരെയുള്ള പി.ഡബ്ല്യു.ഡി റോഡ് ബി.എം.ബി.സി നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളും ഇതിനൊപ്പം ആരംഭിയ്ക്കുകയാണ്. മൂലമറ്റം കോട്ടമല റോഡ് സഞ്ചാരയോഗ്യമാവുന്നതോടെ എറണാകുളത്ത് നിന്നും തേക്കടിയിലേയ്ക്കുള്ള ദൂരം 40 കി.മി കുറയും.ഇത് മൂലം യാത്രാസമയം മണിക്കൂറുകൾ ലാഭിക്കാൻ സാധിക്കുന്നതാണ്. റോഡ് നിലവിൽ വരുന്നതോട് കൂടി ഇതു വഴിയുള്ള സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധന ഉണ്ടാകും. മൂലമറ്റം മുതൽ തൊടുപുഴ വരെയുള്ള വ്യാപാരികൾക്കും പ്രദേശവാസികൾക്കും ഇക്കാര്യം ഗുണപ്രദമാണ്. അറക്കുളം പഞ്ചായത്ത് 2025 - 26 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിച്ച പദ്ധതികളുടെയും, നിർമ്മാണത്തിലിരിക്കുന്നതും, ഉടൻ നിർമ്മാണം ആരംഭിക്കുന്നതുമായ പദ്ധതികളുടെയും ഉദ്ഘാടനവും ഇന്ന് നടക്കും. മൂലമറ്റം ടൗണിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിക്കുന്നതാണ്. ഇതിനൊപ്പം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 4 കോടിയുടെ വിവിധ പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനവും നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുമെന്നും സംഘാടക സമിതി അറിയിച്ചു. ചെയർമാൻ കെ.എസ് വിനോദ്, ജനറൽ കൺവീനർ കെ.എൽ ജോസഫ്, വൈസ് ചെയർമാൻ ടി.കെ ശിവൻ നായർ, രക്ഷാധികാരി ടോമി കുന്നേൽ, വിപിൻ സി.വി, സിബി മാളിയേക്കൽ എന്നിവർ പങ്കെടുത്തു.