ഉടുമ്പന്നൂർ: ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്കിടയിൽ ടൗണിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരും ബാലഗോകുലം പ്രവർത്തകരും തമ്മിൽ സംഘർഷം. വ്യാഴാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. കൊടിതോരണങ്ങൾ ഉപയോഗിച്ചുള്ള അലങ്കാര പ്രവർത്തനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇത് ചെറിയ കൈയാങ്കളിയിലാണ് അവസാനിച്ചത്. സംഭവത്തെ തുടർന്ന് കരിമണ്ണൂർ പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ഡിവൈ.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിൽ ആക്രമിച്ചതായാണ് ബാലഗോകുലം പ്രവർത്തകരുടെ ആരോപണം. എന്നാൽ തങ്ങളായി യാതൊരു പ്രകോപനവും സൃഷ്ടിച്ചില്ലെന്നാണ് ഇവർ പറയുന്നത്. സംഭവത്തിൽ ഇരു വിഭാഗങ്ങളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.