മുട്ടം: തോട്ടുങ്കര- ചള്ളാവയൽ റോഡ് ടാറിങ് നടത്താൻ തയ്യാറാകാത്ത ജലജീവൻ മിഷൻ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ജലജീവൻ മിഷന്റെ വാഹനം തോട്ടുങ്കരയിൽ തടഞ്ഞു. ഇന്നലെ രാവിലെ ഒമ്പതിന് തോട്ടുങ്കര വികസന സമിതിയുടെ നേതൃത്വത്തിലാണ് തടഞ്ഞത്. തുടർന്ന് വാഹനത്തിലെ ജീവനക്കാരും വികസന സമിതി അംഗങ്ങളും മൂന്ന് മണിക്കൂറോളം നേരം റോഡിൽ വാദ പ്രതിപാദങ്ങൾ നടന്നു. മറ്റ് വാഹനങ്ങൾക്ക് കടന്ന് പോകാൻ സാധിക്കാതെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ മുട്ടം പൊലീസ് ജലജീവൻ മിഷന്റെ വാഹനം സ്റ്റേഷനിലേക്ക് മാറ്റി. വൈകിട്ട് അഞ്ചിന് മുട്ടം എസ്.എച്ച്.ഒ സോൾജിമോന്റെ നേതൃത്വത്തിൽ തോട്ടുങ്കര വികസന സമിതിയും ജലജീവൻ മിഷൻ അധികൃതരും നടത്തിയ ചർച്ചയെ തുടർന്ന് 15 ദിവസങ്ങൾക്കകം റോഡ് ടാറിങ് നടത്താനും അത് വരെയുള്ള ദിവസങ്ങളിൽ പകൽ സമയത്ത് മൂന്ന് തവണ റോഡ് നനച്ച് പൊടി ശല്യം ഇല്ലാതാകാനും തീരുമാനമാനിച്ചു. വികസന സമിതി അംഗങ്ങളായ ടി.എച്ച്. ഈസ, റഫീക്ക് റ്റി.കെ, ഷൈജു രാജൻ, എം.കെ. സുധീർ, എം.എ. ഷബീർ, സി.എം. ഷാജഹാൻ, എൻ.എം. ഉമ്മർ, ബാദുഷ അഷ്റഫ്, അനിക്കുട്ടൻ, മാർട്ടിൻ, അശോകൻ, ജല ജീവൻ മിഷൻ എ.എക്സി, കരാറുകാർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.