
വണ്ണപ്പുറം : പെട്രോൾ പമ്പിന് മുമ്പിൽ കാർ തീ പിടിച്ച് കത്തി നശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.15 ന് വണ്ണപ്പുറം ഹൈറേഞ്ച് കവലയിലെ പെട്രോൾ പമ്പിന് മുമ്പിലായിരുന്നു സംഭവം. വെണ്മറ്റം സ്വദേശി മണിമല കുന്നേൽ ജിതിനും സുഹൃത്തുമാണ് കാറിൽ ഉണ്ടായിരുന്നത്. പെട്രോൾ തീർന്നതിനെ തുടർന്ന് പമ്പിൽ കയറാൻ ഒരുങ്ങുന്നതിനിടയിലായിരുന്നു അപകടം. ബോണറ്റിൽ നിന്നും പുക ഉയർന്നതോടെ കാർ നിർത്തി ഇവർ ഇറങ്ങിയോടി. ഇതിനാൽ ആളപായം ഉണ്ടായില്ല .പെട്ടന്ന് തന്നെ തീ ആളി പടർന്നു. ഇതോടെ സമീപത്തെ കടകളിൽ ഉണ്ടായിരുന്നവർ ഉൾപ്പെടെ ഓടിയെത്തി. എന്നാൽ പെട്രോൾ വാഹനമായതിനാൽ വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ആരും ശ്രമിച്ചില്ല. കാളിയാർ പൊലീസ് എത്തി വാഹനങ്ങളെയും ആളുകളെയും നിയന്ത്രിച്ചു. തൊടുപുഴയിൽ നിന്നെത്തിയ അഗ്നി രക്ഷാസേനയാണ് തീ പൂർണ്ണമായും അണച്ചത്.