
തൊടുപുഴ: വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷനിൽ ലോറി പിന്നിലിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കദളിക്കാട് പെരളിമറ്റം വട്ടപ്പറമ്പിൽ വീട്ടിൽ വി.കെ. ഹരിദാസാണ് (58) മരിച്ചത്. ഇന്നലെ വൈകിട്ട് 6.30ന് വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷനിലായിരുന്നു അപകടം. ഹരിദാസ് തൊടുപുഴയിൽ നിന്ന് കദളിക്കാടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ വെങ്ങല്ലൂർ സിഗ്നൽ ജംഗ്ഷനിലെത്തിയപ്പോൾ പിന്നാലെയെത്തിയ ലോറി കോലാനി ഭാഗത്തേക്ക് തിരിയുന്നതിനിടെ സ്കൂട്ടറിൽ തട്ടി. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഹരിദാസിന്റെ ദേഹത്ത് കൂടി ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. ഹരിദാസിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: അജിത. മകൾ: അരുണിമ. 2008ൽ വീടിന് മുന്നിലെ തറയിൽ കിടന്നുറങ്ങുകയായിരുന്ന ഹരിദാസിന്റെ രണ്ട് ആൺകുട്ടികൾ ഇടിമിന്നലിൽ മരിച്ചിരുന്നു. തൊടുപുഴ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. തൊടുപുഴയിലെ സ്വകാര്യആശുപത്രയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.