
തൊടുപുഴ: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖില കേരള വായനോത്സവം താലൂക്ക് തലം തൊടുപുഴ ഡയറ്റ് ഹാളിൽ എഴുത്തുകാരനും അദ്ധ്യാപകനുമായ അജയ് പെരിങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ താലൂക്ക് പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്‌കൂളുകളിലും വായനശാലകളിൽ നിന്നുമായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എഴുപതിലധികം മത്സരാർത്ഥികൾ വായനോത്സവത്തിൽ പങ്കെടുത്തു. കുട്ടികളുമായി കവി അനുകുമാർ തൊടുപുഴ കവിതകൾ ചൊല്ലിയും കഥ പറഞ്ഞും വായനോത്സവത്തെ അനുഭവമാക്കി. യോഗത്തിന് ജോസ്. എം, അജിത ദിനേശ്, ബിൽജു. പി, രാജപ്പൻ ഇ.കെ എന്നിവർ ആശംസകൾ നൽകി. സെക്രട്ടറി വി.വി. ഷാജി സ്വാഗതവും അനിൽകുമാർ എം.കെ നന്ദിയും പറഞ്ഞു. അക്കാദമിക് കമ്മിറ്റിയംഗങ്ങളായ എസ്.ജി. ഗോപിനാഥ്, ടി.എൻ. മണിലാൽ, ഡി. ഗിരിജ, രാജമ്മ ടീച്ചർ എന്നിവർ വായനോത്സവ മത്സരത്തിന് നേതൃത്വം നൽകി.