തൊടുപുഴ: അന്തിമവോട്ടർ പട്ടികയും പ്രസിദ്ധീകരിച്ചതോടെ ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പ്രധാന രാഷ്ട്രീയ പാർട്ടികളും മുന്നണികളുമെല്ലാം പ്രാദേശിക തലത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഇതിന്റെ ഭാഗമായി വാർഡ് തലങ്ങളിലും മണ്ഡലം തലങ്ങളിലുമെല്ലാം പ്രവർത്തക സംഗമങ്ങളും ക്യാമ്പുകളുമെല്ലാം ഓണത്തിന് മുന്നേ പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ ചിലയിടങ്ങളിൽ ചുവരെഴുത്തിനായി മതിലുകളും ബുക്കിങ് ആരംഭിച്ചു. ഇനി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് കൂടി കഴിയുന്നതോടെ തിരഞ്ഞെടുപ്പ് രംഗം കൂടുതൽ സജീവമാകുമെന്നാണ് വിലയിരുത്തൽ. ജില്ലയിൽ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 52 ഗ്രാമപഞ്ചായത്തുകളാണുള്ളത്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളും രണ്ട് നഗരസഭകളും ജില്ലാ പഞ്ചായത്തും കൂടി ഉൾപ്പെടുന്നതാണ് ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. തൊടുപുഴ, നെടുങ്കണ്ടം, കട്ടപ്പന, ഇടുക്കി, ഇളംദേശം, ദേവികുളം, അഴുത, അടിമാലി എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകൾ. കട്ടപ്പനയും തൊടുപുഴയുമാണ് നഗരസഭകൾ.


ആദ്യ പോര്

വോട്ടുചേർക്കലിനെ ചൊല്ലി

തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കലിനെ ചൊല്ലി പലയിടങ്ങളിലും വിവാദമുണ്ടായി. ഇരു മുന്നണികളും ആരോപണ പ്രത്യോരോപണങ്ങളുമായി കളം നിറഞ്ഞു. ചിലയിടങ്ങളിൽ പരാതിയും പരസ്യ പ്രതിഷേധങ്ങളും നടന്നു. വാർഡുകളിൽ കണ്ണ് വച്ചിട്ടുള്ള പ്രാദേശിക നേതാക്കളും സ്ഥാനാർത്ഥി മോഹികളും വോട്ടുകൾ വെട്ടുകയും ചേർക്കുകയും ചെയ്യുന്നെന്നതാണ് ഉയരുന്ന പരാതി. സംവരണ വാർഡുകളിൽ തീരുമാനമായിട്ടില്ലെങ്കിലും ജനറൽ വാർഡുകൾ സ്ത്രീ സംവരണ വാർഡുകളായും തിരിച്ചും ആകുമെന്ന പൊതു തത്വമുള്ളതിനാൽ വിവിധ പാർട്ടികളിലെ സ്ഥനാർത്ഥി മോഹികൾ നേരത്തെ തന്നെ രംഗത്തുണ്ട്. ഇവരാണ് വീടുകയറി വോട്ടുചേർക്കലിനും വെട്ടലിനുമെല്ലാം നേതൃത്വം നൽകുന്നത്. ഇതിന് പുറമേ ഉടുമ്പഞ്ചോല മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഇരട്ട വോട്ട് വിവാദങ്ങളും ഉയർന്നിരുന്നു.

102393

കന്നിവോട്ടർമാർ

ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയിൽ 905567 വോട്ടർമാരാണുള്ളത്. 440147 പുരുഷന്മാരും 465410 സ്ത്രീകളും 10 ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ള വോട്ടർമാരുമടക്കമാണിത്. 102393 വോട്ടർമാർ പുതിയതായി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. 63845 വോട്ടർമാരെ ഒഴിവാക്കി. 412 വോട്ടർമാരുടെ വിവരങ്ങൾ തിരുത്തിയിട്ടുണ്ട്. പുതിയ പട്ടിക പ്രകാരം ജില്ലയിൽ ഏഴ് പ്രവാസി വോട്ടർമാരുണ്ട്.


ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ

ജില്ലാ പഞ്ചായത്ത്- 01
ബ്ലോക്ക് പഞ്ചായത്ത്- 08

ഗ്രാമപഞ്ചായത്തുകൾ- 52
നഗരസഭകൾ- 02