തൊടുപുഴ: ലോക പ്രാഥമ ശുശ്രൂഷാ ദിനത്തോടനുബന്ധിച്ച്, കുട്ടികളിലും രക്ഷിതാക്കളിലും അടിയന്തര ശുശ്രൂഷയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഗ്രൂപ്പ് സംസ്ഥാനതലത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ബി. എം.എച്ച്. തൊടുപുഴയുടെ നേതൃത്വത്തിലുള്ള പരിപാടിക്ക് മുനിസിപ്പൽ ചിൽഡ്രൻസ് പാർക്ക് വേദിയായത് ശ്രദ്ധേയമായി.

തൊടുപുഴ നഗരസഭാ വൈസ് ചെയർപേഴ്സൺ ജെസ്സി ആന്റണി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഇരുനൂറിലധികം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. മത്സരാർത്ഥികളെ പ്രായത്തിനടിസ്ഥാനപ്പെടുത്തി മൂന്ന് വിഭാഗങ്ങളാക്കി, പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കുട്ടികൾ മികച്ച ചിത്രങ്ങൾ വരച്ച് പ്രതിഭ തെളിയിച്ചു.

രക്ഷിതാക്കൾക്കായി ബേസിക് ലൈഫ് സപ്പോർട്ട് ) പരിശീലനവും സംഘടിപ്പിച്ചു. ബി. എം. എച്ച്. ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം ഡോക്ടർ ഷാഹിദ് സായിയുടെ നേതൃത്വത്തിൽ നടന്ന ക്ലാസിൽ ഹൃദയാഘാതസമയത്തെ പ്രാഥമ ശുശ്രൂഷയും സി. പി. ആർ. രീതികളും വിശദമായി പഠിപ്പിച്ചു.

സമാപനത്തിൽ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.(ലഫ്. കേണൽ) ജയ് കിഷൻ കെ. പി. കുട്ടികൾക്കും ബി. എൽ. എസ്. പരിശീലനത്തിൽ പങ്കെടുത്ത രക്ഷിതാക്കൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിജയികളുടെ പട്ടിക പിന്നീട് ആശുപത്രി മാനേജ്‌മെന്റ് പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു. വിജയികൾക്ക് ട്രോഫി, ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവ നൽകി ആദരിക്കും.