നിർമാണം അശാസ്ത്രീയമെന്ന് ആരോപണം

.

കട്ടപ്പന :മാർക്കറ്റിൽ നഗരസഭ നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ അശാസ്ത്രീയ രീതിയിലാണെന്ന് ആരോപിച്ചു വ്യാപാരി വ്യവസായി സമിതി നവീകരണ പ്രവർത്തനം തടഞ്ഞു. ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന നടപടികളാണ് നഗരസഭയുടെ ഭാഗത്തുനിന്ന് മാർക്കറ്റ് നവീകരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. നഗരസഭയുടെ നേതൃത്വത്തിൽ മാർക്കറ്റിലെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പ്രധാനമായും മാർക്കറ്റിനുള്ളിലെ റോഡിന്റെ തകർന്ന ഭാഗങ്ങളുടെ കോൺക്രീറ്റിങ് ആണ് നടക്കുന്നത്. ഈ നിർമാണ പ്രവർത്തനത്തിലാണ് അശാസ്ത്രീയത ചൂണ്ടിക്കാട്ടി സമിതി രംഗത്തുവന്നിരിക്കുന്നത്. പച്ചക്കറി മാർക്കറ്റിന് സമീപം ഏറ്റവും തകർന്നു കിടക്കുന്ന ഭാഗം ഒഴിവാക്കി കുഴപ്പമില്ലാത്ത ഭാഗത്തെ കോൺക്രീറ്റുകൾ ഇളക്കി നവീകരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കോൺഗ്രീറ്റ് തകർന്ന് വലിയ കുഴി രൂപപ്പെട്ട് വാർക്കകമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുന്ന ഭാഗങ്ങൾ നവീകരിക്കാതെ യാതൊരു കുഴപ്പവുമില്ലാത്ത ഭാഗങ്ങൾ കോൺക്രീറ്റ് പൊട്ടിച്ച് വീണ്ടും നവീകരിക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്. ഇതിൽ പ്രതിഷേധിച്ച് സമിതിയുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങൾ തടഞ്ഞു. എന്നാൽ അപാകതകൾ പരിഹരിച്ച് നിർമാണം പുനരാരംഭിക്കാൻ നഗരസഭ തയ്യാറാകുന്നില്ലെന്ന് വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് മജീഷ് ജേക്കബ് ആരോപിച്ചു. നവീകരണ സമയത്ത് ബന്ധപ്പെട്ട അധികൃതർ സ്ഥലത്തില്ല, ഇതുകൂടാതെ കട്ടപ്പന, കല്ലുകുന്ന്, കെഎസ്ഇബി എന്നീ ഭാഗങ്ങളിൽ നിന്ന് വലിയ രീതിയിൽ മഴ വെള്ളം പച്ചക്കറി മാർക്കറ്റിലേക്ക് ഒഴുകി എത്തുന്നുണ്ട് ഇതിനും പരിഹാരമില്ല. നിലവിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ മഴ കാലത്ത് വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്. നഗരത്തിലെ റോഡുകളുടെയും മാർക്കറ്റിലെയും ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് സമിതി നിരവധി തവണ നഗരസഭ അധികൃതർക്ക് നിവേദനം നൽകിയതിനുശേഷമാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. കൃത്യമായ നവീകരണം നടത്തിയില്ലെങ്കിൽ വൻ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും വ്യാപാരി വ്യവസായി സമിതി അറിയിച്ചു.