ഇടുക്കി: സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന്റെ ആനുകൂല്യം ഏറ്റവുമധികം ലഭിക്കുക ജില്ലയിലെ മലയോര ജനതയ്ക്ക്. ജനവാസമേഖലയിലിറങ്ങുന്ന വന്യമൃഗം ആരെയെങ്കിലും ആക്രമിച്ച് പരിക്കേൽപ്പിച്ചാൽ ഉടൻ തന്നെ ആ വന്യമൃഗത്തെ കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്നതിനുള്ള കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. വന്യജീവി ആക്രമണങ്ങൾ തുടർക്കഥയായ ജില്ലയിലെ വനമേഖലയോട് ചേർന്ന് അധിവസിക്കുന്ന കർഷകർക്കും ആദിവാസികൾക്കും ബിൽ നിയമമായാൽ വലിയ ആശ്വാസമാകും. വന്യജീവി ആക്രമണത്തിൽ ആർക്കെങ്കിലും ഗുരുതര പരിക്ക് പറ്റിയാൽ ബന്ധപ്പെട്ട ജില്ലാ കളക്ടറോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോ അക്കാര്യം ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് ചെയ്താൽ അദ്ദേഹത്തിന് മറ്റ് നടപടിക്രമങ്ങൾക്ക് വേണ്ടി സമയം പാഴാക്കാതെ തന്നെ ആ വന്യമൃഗത്തെ കൊല്ലുന്നതിന് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാം. നിലവിലുള്ള കേന്ദ്ര നിയമത്തിലെയും കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജീയറിലെയും നടപടിക്രമങ്ങൾ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാൻ സാദ്ധ്യമാക്കുന്നതാണ് ഈ ബില്ലിലെ വ്യവസ്ഥകൾ. പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വർദ്ധിച്ചാൽ ജനന നിയന്ത്രണം, നാടുകടത്തൽ എന്നിവയ്ക്കും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതിന് കേന്ദ്ര സർക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പാലിക്കേണ്ടതില്ല. പട്ടിക രണ്ടിലെ ഏത് വന്യമൃഗത്തെയും അവയുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചുവെന്ന് കണ്ടാൽ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ ഇപ്പോൾ കേന്ദ്ര സർക്കാരിനാണ് അധികാരം. ഇതിനു പകരം സംസ്ഥാന സർക്കാരിന് ഈ അധികാരം നൽകുന്നതിനും ബില്ലിൽ വ്യവസ്ഥ ചേർത്തിട്ടുണ്ട്. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ അത്തരം വന്യജീവിയെ ആർക്ക് വേണമെങ്കിലും ഏതു വിധത്തിലും കൊല്ലാം. അതിന്റെ ഇറച്ചി കഴിക്കുന്നതിനും തടസമുണ്ടാകില്ല. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന്റെ നിവേദനങ്ങൾ വഴിയും നിയമസഭയുടെ പ്രമേയം വഴിയും കേന്ദ്ര സർക്കാരിനോട് പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഭേദഗതി ബിൽ കൊണ്ടുവന്നത്.

അഞ്ച് കൊല്ലം,

കൊല്ലപ്പെട്ടത് 486 പേർ

വനം പരിസ്ഥതി മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2019 മുതൽ 2024 വരെയുള്ള അഞ്ച് വർഷത്തിനിടെ 486 പേരാണ് വന്യജീവി ആക്രമണത്തിൽ കേരളത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 124 എണ്ണം കാട്ടാനയുടെയും ആറെണ്ണം കടുവയുടെയും ആക്രമണത്തിലാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ വന്യജീവി ആക്രമണങ്ങൾ നടക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. ഇതുകൂടാതെ വനമേഖലയിൽ താമസിക്കുന്ന ജനങ്ങൾക്ക് അവരുടെ സ്വത്തും വിളയും നശിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാകുന്നത്.

മിഷനുകളെല്ലാം പരാജയം,

ഒടുവിൽ ഭേദഗതി

സോളാർ വൈദ്യുതിവേലി, കിടങ്ങ് നിർമാണം, അതിർത്തിമതിലുകൾ തുടങ്ങിയ മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തടയാനാകുന്നില്ലായിരുന്നു. ഒടുവൽ വർദ്ധിച്ചുവരുന്ന വന്യജീവികളുടെ ആക്രമണത്തിൽ ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും ജീവൻ നഷ്ടപ്പെടുന്നത് തടയാൻ 10 മിഷനുകൾക്കും വനംവകുപ്പ് രൂപം നൽകിയിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് നിയമ ഭേദഗതി.