
മൂലമറ്റം: പശ്ചാത്തല വികസന മേഖലയിൽ കഴിഞ്ഞ ഒൻപത് വർഷത്തിലേറെ കാലത്ത് വലിയ കുതിപ്പാണ് കേരളത്തിലുണ്ടായതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മൂലമറ്റം കോട്ടമല റോഡിന്റെയും മൂലമറ്റം പവർഹൗസ് വരെയുള്ള പിഡബ്ല്യുഡി റോഡ് ബി.എം.ബി.സി നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെയും നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ കാർഷിക ടൂറിസം മേഖലയിൽ വലിയ കുതിപ്പ് സാധ്യമാക്കാൻ മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ കഴിയും. നല്ല റോഡുകളും പാലങ്ങളും വന്നാൽ നാട്ടിൽ വലിയ വികസനം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.
മൂലമറ്റം കോട്ടമല റോഡ് യാഥാർത്ഥ്യമാകുന്നതോടെ പ്രദേശവാസികളുടെ ചിരകാല ആഗ്രഹമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്നും റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കാൻ വേണ്ട നിർദേശം നൽകാൻ പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
മൂലമറ്റം ടൗണിൽ നടന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം. പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകന്നേൽ, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ ജേക്കബ്, അറക്കുളം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എൽ ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷിബു ജോസഫ്, സുശീല ഗോപി, കൊച്ചുറാണി ജോസ്, ഗീത തുളസീധരൻ, സിന്ധു പി.എസ്, വിനീഷ് വിജയൻ, പി. എ വേലുകുട്ടൻ, എലിസബത്ത് ജോൺസൺ, സിനി തോമസ്, ഓമന ജോൺസൺ, വിവിധ ജന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹിക പ്രമുഖർ എന്നിവർ സംസാരിച്ചു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് സ്വാഗതവും അറക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ നന്ദിയും പറഞ്ഞു.