മൂന്നാർ: മൂന്നാറിലെ പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്‌സിക്കൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന്റെ ഗെയിറ്റ് പൂട്ടി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് എ ഐ വൈ എഫ് പ്രവർത്തകരുടെ പ്രതിഷേധം. അറ്റകുറ്റപണി നടത്തി തുറന്ന് നൽകിയ മൂന്നാർ ടൗണിൽ ആർ ഒ ജംഗ്ഷനിലെ പാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുസഹമായ സാഹചര്യത്തിലും നിർമ്മാണം പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ മൂന്നാർ സൈലന്റ് വാലി റോഡ് തകർന്നതിലും പ്രതിഷേധിച്ചായിരുന്നു എ ഐ വൈ എഫിന്റെ പ്രതിഷേധം.ഒരു വർഷമായി രൂപം കൊണ്ട കുഴികളിൽ ചാടി അപകടങ്ങൾ നടക്കുകയും പ്രതിഷേധം ഉയരുകയും ചെയ്തതിന് പിന്നാലെയാണ് പി ഡബ്ല്യൂ ഡി അധികൃതരെത്തി റോഡ് ഗതാഗതം നിരോധിച്ച ശേഷം കഴിഞ്ഞ മാസം 19ന് ആർ ഒ ജംഗ്ഷനിലെ പാലത്തിൽ കുഴികൾ അടച്ചത്. പിന്നീട് പാലം ഗതാഗതത്തിനായി തുറന്ന് നൽകിയെങ്കിലും മഴ പെയ്തതോടെ കുഴികൾ വീണ്ടും പഴയപടിയായി. അശാസ്ത്രീയമായി അറ്റകുറ്റ പണികൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടെന്നാരോപിച്ചായിരുന്നു എ. ഐ. വൈ എഫ് വിഷയത്തിൽ സമരവുമായി രംഗത്തെത്തിയത്. കൂടാതെ മൂന്നാർ സൈലന്റ് വാലി റോഡിൽ ടാറിംങ് ജോലികൾ പൂർത്തിയാക്കി ഒരു വർഷം പിന്നിട്ടതോടെ തകർന്ന സാഹചര്യത്തിലുള്ള പ്രതിഷേധം കൂടി രേഖപ്പെടുത്തിയായിരുന്നു മൂന്നാറിലെ പി ഡബ്ല്യൂ ഡി ഓഫീസിലെത്തിയ എ ഐ വൈ എഫ് പ്രവർത്തകർ ഗെയിറ്റ് പൂട്ടി ഉദ്യോഗസ്ഥരെ പുറത്തിറക്കാതെ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.മൂന്നാർ ടൗണിൽ ആർ ഒ ജംഗ്ഷനിൽ പാലത്തിലെ കുഴികൾ പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. രണ്ടാമതും കുഴി രൂപപ്പെട്ട സാഹചര്യത്തിൽ അടിയന്തിരമായി അറ്റകുറ്റി പണികൾ നടത്തണമെന്ന ആവശ്യം ഉയർന്നിട്ടും അധികൃതർ ആവശ്യം മുഖവിലക്കെടുക്കാത്ത സാഹചര്യത്തിൽ കൂടിയാണ് എ ഐ വൈ എഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്‌