ralli
തൂക്കുപാലത്ത് നടത്തിയ റൺചേസിൽ നിന്ന്‌

നെടുങ്കണ്ടം: പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ആർമി റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായുള്ള കായിക ക്ഷമതാ പരീക്ഷ സമാപിച്ചു. ഇന്നലെ പാരറെജിമന്റ് വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്കായി അഞ്ച് കി.മി റൺ ചേസ് നടന്നു. തൂക്കുപാലം രാമക്കൽമേട് റോഡിൽ നടന്ന റൺ ചേസിൽ ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ നിന്ന് പാരാറെജിമെന്റലേക്ക് പോകാൻ താത്പര്യമുള്ള 26 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. ഇതിന് പുറമെ സിന്തറ്റിക് സ്റ്റേഡിയത്തിൽ പുൾ അപ്സ്, പുഷ് അപ്സ് തുടങ്ങി നാലിനം കായിക ക്ഷമതാ പരീക്ഷയും ഉണ്ടായിരുന്നു. ശനിയാഴ്ച ടെക്നിക്കൽ വിഭാഗത്തിൽ കായിക ക്ഷമതാ പരീക്ഷ വിജയിച്ചവർക്ക് ഞായറാഴ്ച മെഡിക്കൽ പരശോധനയും നടന്നു. ഇതോടെ 10ന് ആരംഭിച്ച റിക്രൂട്ട്‌മെന്റ് റാലിയിൽ അഞ്ച് ദിവസത്തിനുള്ളിൽ പങ്കെടുത്ത മുഴുവൻ ഉദ്യോഗാർത്ഥികളുടെയും ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റുകൾ പൂർത്തിയായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ എഴ് ജില്ലകളിൽ എഴുത്ത് പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ 3102 ഉദ്യോഗാർഥികൾക്കായാണ് ആർമി റിക്രൂട്ട്‌മെന്റ് റാലി നടത്തിയത്. 1600 മീറ്റർ റൺ റേസ്, സിഗ് സാഗ് ബാലൻസ്, പുൾ അപ്സ്, ഒമ്പത് ഫീറ്റ് ഡിച്ച് തുടങ്ങി നാലിനം കായിക ക്ഷമത പരീക്ഷയും ശാരീരിക അളവ് പരിശോധനയുമാണ് നടത്തിയത്. ഇവയ്ക്ക് പുറമെ സർട്ടിഫിക്കറ്റ് പരിശോധനയും മെഡിക്കൽ പരിശോധനയും റിക്രൂട്ട്‌മെന്റ് റാലിയുടെ ഭാഗമായി നടന്നു. 120 ആർമി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റാലി നടന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പഞ്ചായത്ത്, പൊതുമരാമത്ത്, റവന്യൂ, ആരോഗ്യം, പൊലീസ്, വാട്ടർ അതോറിട്ടി, വിദ്യാഭ്യാസം, കുടുംബശ്രീ, മോട്ടോർ വാഹന വകുപ്പ്, കെ.എസ്.ആർ.ടി.സി തുടങ്ങി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് റിക്രൂട്ട്‌മെന്റ് റാലി വിജയകരമായി സംഘടിപ്പിച്ചത്.